പതിനാലാം മൈലിന് സമീപമുണ്ടായ മണ്ണിടിച്ചിൽ.
കുടയത്തൂർ: പഞ്ചായത്തിലെ സംഗമം ജംഗ്ഷനു സമീപം മാളിയേക്കൽ കോളനിയിൽ നാലുവർഷം മുന്പും ഉരുൾപൊട്ടലുണ്ടായി. ഒരുകുടുംബത്തിലെ അഞ്ചുപേരുടെ ജീവനാണ് അന്നു പൊലിഞ്ഞത്. വീട്ടിൽ ഉറങ്ങികിടന്നവരാണ് അന്നു ദുരന്തത്തിൽപ്പെട്ടത്. ചിറ്റടിച്ചാലിൽ സോമൻ, ഭാര്യഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാക്ഷിത്, സോമന്റെ മാതാവ് തങ്കമ്മ എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്താണ് അന്ന് ഉരുൾപൊട്ടലുണ്ടായത്.
ഇടുക്കി ഡോഗ് സ്ക്വാഡിലെ ഡോണയും എയ്ഞ്ചലും ചേർന്നാണ് മണ്ണിനടിയിൽ അകപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണിക്കൂറുകൾ തെരച്ചിൽ നടത്തിയിട്ടും സോമന്റെയും ഭാര്യ ഷിജിയുടേയും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. എന്നാൽ ഡോണയും എയ്ഞ്ചലും ചേർന്ന് ഇവർ കിടന്ന സ്ഥലം മണത്തറിഞ്ഞ് രാത്രി കിടന്നുറങ്ങിയ ബെഡ്ഡിനടിയിൽ ചെളിയിൽ പുതഞ്ഞുകിടക്കുന്ന ഇവരെ കണ്ടെത്തുകയായിരുന്നു. മോർക്കാട് മലയുടെ മുകളിൽ നിന്നും പാറക്കൂട്ടങ്ങളും മണ്ണുംമരങ്ങളും മലവെള്ളത്തിനൊപ്പം കുത്തിയൊലിച്ചെത്തുകയായിരുന്നു.
മൊബൈലിന് റേഞ്ചില്ല, രക്ഷാപ്രവർത്തനം വെല്ലുവിളി
കുടയത്തൂർ: ഇന്നലെ ഉരുൾപൊട്ടലുണ്ടായ അടൂർമല പ്രദേശത്ത് ഫോണിന് റേഞ്ചില്ലാത്തതിനാൽ അപകടവിവരം അറിയിക്കാൻ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടി. ഇതുമൂലം കിലോമീറ്ററുകൾ രാത്രിയിൽ താണ്ടിയശേഷമാണ് ഫോണിന് റേഞ്ച് ലഭിച്ചത്. ഇതുമൂലം രക്ഷാപ്രവർത്തനം വൈകാനിടയായി. സമീപവാസികളെ പോലും ദുരന്തവിവരം അറിയിക്കാൻ നിവൃത്തിയില്ലായിരുന്നു.
നടപ്പുവഴിപോലുമില്ലാത്ത കാടുംപടലും നിറഞ്ഞ സ്ഥലത്തുകൂടി ടോർച്ച് തെളിച്ചാണ് ഉരുൾപൊട്ടലിന്റെ വിവരം അറിയിക്കാൻ പലരും ദുർഘടയാത്ര നടത്തിയത്. കോടമഞ്ഞും പാറക്കല്ലും മലഞ്ചെരിവുമുള്ള ഇവിടെ റേഞ്ച് ലഭിക്കണമെങ്കിൽ കോളപ്രപ്രദേശത്ത് മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.