സൂക്ഷ്മ വനം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഡെപ്യൂട്ടിമേയര്‍ മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: കോഴിക്കോട് നഗരം കാര്‍ബണ്‍ രഹിതമാക്കുക എന്ന ലക്ഷ്യവുമായി മിയാവാക്കി മാതൃകയില്‍ സൂഷ്മ വനം പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറിന്റെ സാമ്പത്തിക പിന്തുണയോടെ, കോഴിക്കോട് കോര്‍പറേഷനും ദര്‍ശനം സാംസ്കാരിക വേദിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് നിര്‍വഹിച്ചു.
കോര്പറേഷന് കൗണ്‍സില്‍ തീരുമാനപ്രകാരം മാനാഞ്ചിറ അന്‍സാരി പാര്‍ക്കില്‍ ഫൗണ്ടന് സമീപം അനുവദിച്ച ഒരു സെന്റ് സ്ഥലത്ത് 70 വൃക്ഷങ്ങളാണ് മിയാവാക്കി മാതൃകയില്‍ നട്ടുപിടിപ്പിക്കുക. സിഡബ്ള്യുആര്‍ഡിഎം, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്, സാമൂഹ്യ വനവത്ക്കരണ വിഭാഗം എന്നിവരുടെ സാങ്കേതിക സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ദര്‍ശനം പ്രസിഡന്റ് പി. സിദ്ധാര്ത്ഥന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സാമ്പത്തിക സഹായത്തോടെ പാരിസ്ഥിതികം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ രണ്ടു കാവുകളില്‍ കൂടി പദ്ധതി നടപ്പാക്കുമെന്ന് സിദ്ധാര്ത്ഥന് പറഞ്ഞു. ഒരു സെന്റ് സ്ഥലത്തെ മുഴുവന്‍ മണ്ണും ഒഴിവാക്കിയ കുഴിയില്‍ സമ്പുഷ്ടീകരിച്ച ചകിരിച്ചോര്‍, ചാണകപ്പൊടി, ഉമി എന്നിവ തുല്യ അളവില്‍ കൂട്ടിയ മിശ്രിതം കൊണ്ട് നിറയ്ക്കും.
മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഡോ. മിഥുന് വേണുഗോപാല്‍ നിര്‍ദ്ദേശിച്ച 70 തരം ഫലവൃക്ഷ - ഔഷധ സസ്യങ്ങളും രണ്ടാം വര്‍ഷം വള്ളിപ്പടര്‍പ്പുകളും നടും. മൂന്നു വര്‍ഷം പരിപാലിച്ച ശേഷം നഗരസഭയ്ക്ക് പദ്ധതി കൈമാറും. സമീപത്തെ ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്ററിയിലെ എന്‍എസ്എസ് വളന്റിയര്‍മാരും ഗവ. മോഡല്‍ ഹൈസ്കൂളിലെ കുട്ടികളും മാര്‍ച്ചു വരെ തൈകള്‍ക്ക് ജലസേചനമൊരുക്കും. വേനലവധിക്കാലത്ത് നഗരത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരിപാലന ചുമതല നിര്‍വഹിക്കും. മൂന്നുവര്‍ഷം കഴിഞ്ഞാല്‍ പിന്നീട് നനക്കേണ്ടതില്ലെന്ന് മിയാവാക്കി നിര്‍മ്മാണ വിദഗ്ധന്‍ പി.ബാബുദാസ് വിശദീകരിച്ചു.