വെള്ളംകുളങ്ങര ഗവ. യുപി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാ ബാങ്കിൽ കുട്ടികൾ ഇടപാടുകൾ നടത്തുന്നു.
ഹരിപ്പാട്: കൈയിലുള്ള ചില്ലറത്തുട്ടുകൾ സുരക്ഷിതമായി നിക്ഷേപിക്കാൻ ഇനി കുട്ടികൾ വേറെ ബാങ്കുകളൊന്നും തെരഞ്ഞു പോകേണ്ടതില്ല. വെള്ളംകുളങ്ങര ഗവ. യുപി സ്കൂളിൽ ഇനി സ്വന്തമായി വിദ്യാ ബാങ്ക് പ്രവർത്തിക്കും. നിക്ഷേപിക്കാം, ആവശ്യാനുസരണം പിൻവലിക്കാം, ഒപ്പം പലിശയും ഉറപ്പ്.
മാനേജർ, ക്ലാർക്ക്, കാഷ്യർ തുടങ്ങി കൗണ്ടറിലിരിക്കുന്ന സകല ജീവനക്കാരും ഈ വിദ്യാലയത്തിലെ കൊച്ചുമിടുക്കർ തന്നെയാണ്. ആറാം ക്ലാസിലെ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ ‘സ്വരുക്കൂട്ടാം, കരുതിവയ്ക്കാം’ എന്ന അധ്യായത്തിന് ജീവൻ നൽകാനാണ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് വേറിട്ട മാതൃകയൊരുക്കിയത്. അധ്യാപകനും ക്ലബ് കൺവീനറുമായ വി. രജനീഷിന്റെ നേതൃത്വത്തിൽ കുട്ടികൾ ഹരിപ്പാട്ടെ ഒരു ബാങ്ക് സന്ദർശിച്ച് പ്രവർത്തനരീതികൾ നേരിട്ടു മനസിലാക്കിയ ശേഷമാണ് സ്കൂളിലും ബാങ്ക് തുടങ്ങിയത്.
ഒരു ക്ലാസ് മുറി പൂർണമായും ബാങ്ക് ശാഖയുടെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 9.15 മുതൽ 9.45 വരെയും ഉച്ചയ്ക്ക് 1.30 മുതൽ രണ്ടുവരെയുമാണ് ഇടപാടുകൾ നടക്കുക. കൃത്യമായ രജിസ്റ്ററുകളും രേഖകളും ഇവിടെ സൂക്ഷിക്കുന്നുണ്ട്.
കെവൈസി നിർബന്ധം, പാസ്ബുക്കും റെഡി!
കുട്ടികൾക്കും അധ്യാപകർക്കും ഇവിടെ അക്കൗണ്ട് ആരംഭിക്കാം. ഇതിനായി തിരിച്ചറിയൽ രേഖയുടെ (ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആധാർ കാർഡ്) പകർപ്പും ഫോട്ടോയും സഹിതം കൃത്യമായ കെവൈസി ഫോം പൂരിപ്പിച്ചു നൽകണം. അക്കൗണ്ട് ഉടമകൾക്ക് പാസ്ബുക്കും വിതരണം ചെയ്യുന്നുണ്ട്. പണമടയ്ക്കാനും പിൻവലിക്കാനും പ്രത്യേക ഫോമുകളും ക്രമീകരിച്ചിരിക്കുന്നു.
ഓരോ ക്ലാസുകൾക്കും ബാങ്കിംഗ് സേവനങ്ങൾക്കായി പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. കുട്ടികൾക്ക് പോക്കറ്റ് മണിയായി ലഭിക്കുന്ന തുകയാണ് ഇവിടെ സ്വരൂപിക്കുന്നത്. ആദ്യദിനം തന്നെ 15 പേർ അക്കൗണ്ട് തുറക്കുകയും 500 രൂപ നിക്ഷേപമായി ലഭിക്കുകയും ചെയ്തു. സാമൂഹികശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിലാണ് നിക്ഷേപത്തുക സൂക്ഷിക്കുന്നതും അതിന് പലിശ നൽകുന്നതും.
അധ്യാപകർ, എസ്എംസി, എസ്ഡിസി എന്നിവരുടെ പൂർണ പിന്തുണയോടെയാണ് പ്രവർത്തനം.
വീയപുരം പഞ്ചായത്ത് പ്രസിഡന്റ് പി. ഓമന, ഹരിപ്പാട് എഇഒ സി. മധു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി.എസ്. സിന്ധുകുമാരി, അധ്യാപകർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews