കടുവയെ മയക്കുവെടി വയ്ക്കുന്നതിനായി ഏറുമാടം നിർമിക്കുന്നു.
വണ്ടിപ്പെരിയാർ: ജനവാസ മേഖലയിലിറങ്ങി ആക്രമണം നടത്തിയതിനെ തുടർന്ന് മൂന്നാറിൽനിന്നു പിടികൂടി രണ്ടുമാസം മുന്പ് തേക്കടി ഉൾവനത്തിൽ തുറന്നുവിട്ട കടുവയെ വീണ്ടും പിടികൂടാൻ ശ്രമം.
ജനവാസ മേഖല കൂടിയായ ഗ്രാൻമ്പി, അരണക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് 11 വളർത്ത മൃഗങ്ങളെ കടുവ ആക്രമിച്ച് കൊന്നതിനെത്തുടർന്നാണ് കടുവയെ പിടികൂടാൻ ശ്രമം ആരംഭിച്ചത്.
വെള്ളിയാഴ്ച്ച രാത്രി ഗ്രാൻമ്പി ഗ്രാമപഞ്ചായത്തംഗം മതിയഴകന്റെ പശുവിനെ കടുവ ആക്രമിച്ചതിനു പിന്നാലെയാണ് എരുമേലി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തി ഡോ. സിദ്ധാർഥിന്റെ നേതൃത്വത്തിൽ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചത്. പാതി ഭക്ഷിച്ച അവസ്ഥയിൽ തേയിലക്കാട്ടിനുള്ളിൽ കിടക്കുന്ന പശുവിന്റെ ബാക്കി ഭാഗം ഭക്ഷിക്കാൻ കടുവ എത്തിയേക്കാം എന്ന നിഗമനത്തിൽ ആ സമയം മയക്കുവെടിവച്ച് പിടികൂടാം എന്നാണ് ആലോചിക്കുന്നത്.
ഇതിനായി പശു ആക്രമിക്കപ്പെട്ട ഭാഗങ്ങളിലായി ഏറുമാടം പണിയുകയും രാത്രി തോക്കുധാരികളായ ഉദ്യോഗസ്ഥർ ഇവിടെ ക്യാമ്പ് ചെയ്യുകയും ചെയ്യും. എന്നാൽ, പ്രതികൂല കാലാവസ്ഥയിൽ പദ്ധതി വിജയിക്കുമോ എന്നുള്ള ആശങ്കയും ഉദ്യോഗസ്ഥർ തന്നെ പങ്കുവയ്ക്കുന്നുണ്ട്.
Tags : NattuVishasham DistrictNews tiger