അബ്ദുൾ അലിയുടെ കൈവശമുള്ള ലോകകപ്പിന്റെ മാതൃകയിൽ തങ്കത്തിൽ തീർത്ത കുഞ്ഞൻ കപ്പുകൾ.
മഞ്ചേരി: ലോകത്തെ മുഴുവൻ കായികപ്രേമികളെ ആവേശത്തിലാഴ്ത്തി ലോകകപ്പ് ഫുട്ബോൾ പടിവാതിൽക്കലെത്തിനിൽക്കെ തന്റെ ആരാധനാപാത്രമായ ലയണൽ മെസിക്ക് നൽകാൻ തനി തങ്കത്തിൽ തീർത്ത കുഞ്ഞൻ കപ്പുകളുമായി കാത്തിരിക്കുകയാണ് ആരാധകനായ അധ്യാപകൻ.
അർജന്റീന ടീമിന്റെയും മെസിയുടെയും കടുത്ത ആരാധകനായ മലപ്പുറം ജില്ലയിലെ തൃപ്പനച്ചി എയുപി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ എം.സി. അബ്ദുൾ അലിയാണ് ലോകത്തിലെ തന്നെ ഏറ്റവും ചെറുതെന്ന് കരുതുന്ന കപ്പുകളുമായി മെസിയെ കാത്തിരിക്കുന്നത്. ലോകകപ്പ് മാതൃകയിലുള്ള കപ്പുകളിൽ ഒരെണ്ണം 200 മില്ലി ഗ്രാമിലും മറ്റൊന്ന് 600 മില്ലിഗ്രാമിലുമാണ് തീർത്തിരിക്കുന്നത്.
18 കാരറ്റ് തങ്കത്തിൽ തീർത്ത ഇവ വിരൽനഖത്തിൽ ഉൾക്കൊള്ളുന്നവയാണ്. നേരത്തേ 900 മില്ലി സ്വർണത്തിൽ ഇത്തരത്തിൽ ലോകകപ്പ് മാതൃക നിർമിച്ചത് ഇറ്റലിക്കാരനായ ജോർജിസ്റ്റനാണ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇതിലും ചെറിയതൊന്ന് നിർമിക്കാൻ അബ്ദുൾ അലി തീരുമാനിക്കുന്നത്.
2014 ലോകകപ്പ് വേളയിലാണ് കൊണ്ടോട്ടി സ്വദേശിയായ സുഹൃത്തിന്റെ സഹായത്താൽ ഈ കുഞ്ഞൻ ലോകകപ്പുകൾ രൂപകൽപ്പന ചെയ്തത്. വർഷങ്ങളായി ഒരു നിധിയെന്നോണം കാത്തുസൂക്ഷിക്കുന്ന ഈ കുഞ്ഞൻ കപ്പുകൾ എന്നെങ്കിലും മെസിക്ക് നൽകാനാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൾ അലി. ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ഫ്രാൻസ്, ബ്രസീൽ, മൊസാംബിക്, നൈജീരിയ, കൊറിയ, ചൈന, അമേരിക്ക, പെറു, അർജന്റീന, കാനഡ, ഹോളണ്ട് തുടങ്ങിയ 86 ഓളം രാജ്യങ്ങൾ പുറത്തിറക്കിയ സ്റ്റാന്പുകളും ഇദ്ദേഹത്തിന്റെ ശേഖരണത്തിലുണ്ട്.
മാത്രമല്ല ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട പഴയ പത്രങ്ങൾ, മലയാളത്തിലും ഇംഗ്ലീഷിലും പുറത്തിറക്കിയ മാഗസിനുകൾ, ഫുട്ബോളുമായ ബന്ധപ്പെട്ട കറൻസികൾ എന്നിവയെല്ലാം പുരാവസ്തുക്കളുടെ അപൂർവ ശേഖരത്തിനുടമയായ അധ്യാപകന്റെ പക്കലുണ്ട്.
Tags : Local News Nattuvishesham Malappuram