തൊടുപുഴ: റോഡിനോടു ചേര്‍ന്നുള്ള നടപ്പാതയുടെ സ്ലാബുകള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍. തൊടുപുഴ നഗരത്തില്‍ മങ്ങാട്ടു കവലയ്ക്കു സമീപം കാരിക്കോട് റോഡിലാണ് സ്ലാബുകള്‍ തകര്‍ന്നും നീങ്ങിയും കിടക്കുന്നത്.
കാലവര്‍ഷത്തിനു മുന്നോടിയായി ഓട വൃത്തിയാക്കുന്നതിനുവേണ്ടി സ്ലാബുകള്‍ ഉയര്‍ത്തിയിരുന്നു. ഓട ശുചീകരിച്ച ശേഷം സ്ലാബുകള്‍ പുനഃസ്ഥാപിച്ചപ്പോഴാണ് ചിലത് പൊട്ടിയത്. ജെസിബി ഉപയോഗിച്ച് സ്ലാബുകള്‍ ഉയര്‍ത്തുകയും തിരികെ സ്ഥാപിക്കുകയും ചെയ്തപ്പോഴാണ് ഇവ തകര്‍ന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനുപുറമേ ചില സ്ലാബുകള്‍ സ്ഥാനം മാറികിടക്കുന്നതും അപകടാവസ്ഥ വര്‍ധിപ്പിക്കുന്നു.
നൂറു കണക്കിന് കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന നടപ്പാതയില്‍ സ്ലാബുകള്‍ മാറിക്കിടക്കുന്നതു മൂലം വിടവുണ്ടായതാണ് അപകടസാധ്യത കൂട്ടുന്നത്. നഗരത്തിന്റെ പല ഭാഗത്തും ജനങ്ങള്‍ സഞ്ചരിക്കുന്ന നടപ്പാതകളില്‍ ഇത്തരത്തില്‍ സ്ലാബുകള്‍ സ്ഥാനം തെറ്റി കിടക്കുന്നുണ്ട്. കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയായതിനാല് നഗരസഭാധികൃതര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Broken slabs dangerous footpath