മാലിന്യം നിറഞ്ഞു കിടക്കുന്ന പള്ളിക്കലാര്‍.
ഓച്ചിറ : തഴവ, തൊടിയൂര്‍, ശൂരനാട് പഞ്ചായത്തുകളുടെ പ്രധാന ജലസ്രോതസായ പള്ളിക്കലാറില്‍ പായലും കുളവാഴയും മാലിന്യവും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടു.
മൂന്നു പഞ്ചായത്തുകളിലെ 500 ഹെക്ടര്‍ സ്ഥലത്തേക്ക് കൃഷിക്കുള്ള വെള്ളമെത്തിക്കുന്നത് പള്ളിക്കലാറാണ്. അറവ്-പ്ലാസ്റ്റിക് മാലിന്യവും ഹോട്ടല്‍ മാലിന്യവും പള്ളിക്കലാറില്‍ കൊണ്ടിടുകയാണ്. രാത്രിയില്‍ ശൗചാലയമാലിന്യവും കൊണ്ടിടുന്നു.
മഴ ശക്തമാകുന്നതോടെ എല്ലാ പ്രദേശങ്ങളില്‍ നിന്നും വെള്ളം ഒഴുകിയെത്തുന്നതോടെ ആറിന്റെ ജലനിരപ്പ് അപകടകരമായി ഉയരും. നീരൊഴുക്ക് തടസപ്പെടുന്നതോടെ പള്ളിക്കലാറിന്റെ ഇരുവശത്തേക്കും ബണ്ടുകള്‍ കവിഞ്ഞൊഴുകും.
കവിഞ്ഞൊഴുകുന്ന വെള്ളത്തിലൂടെ കുളവാഴയും മറ്റു മാലിന്യവും സമീപത്തെ കൃഷിയിടങ്ങളിലേക്ക് കടക്കുന്നതോടെ കര്‍ഷകര്‍ ബുദ്ധിമുട്ടു നേരിടുന്ന സ്ഥിതിയുണ്ടാകും. മാലിന്യം നിറയുന്നതോടെ തൊടിയൂര്‍ വട്ടക്കായല്‍, മാലുമേല്‍-പാവുമ്പ പുഞ്ചകളില്‍ കൃഷിചെയ്യാനുള്ള സാഹചര്യം ഇല്ലാതാകും.
ജില്ലയിലെ ശൂരനാട്, പാവുമ്പ, തഴവ, തൊടിയൂര്‍ ചാമ്പക്കടവ്, കല്ലുകടവ് വഴി കരുനാഗപ്പള്ളി ചന്തക്കായലിലാണ് പള്ളിക്കലാര്‍ പതിക്കുന്നത്. പള്ളിക്കലാറില്‍ മാലിന്യം നിറഞ്ഞതോടെ മത്സ്യബന്ധനം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
മഴക്കാലത്തും വേനല്‍മഴയിലും പള്ളിക്കലാര്‍ കവിഞ്ഞൊഴുകി കൃഷി നശിക്കുന്നു.
കഴിഞ്ഞ ഒന്പതുവര്ഷം പാവുമ്പ പുഞ്ചയിലെ കൃഷി ഏറ്റെടുത്തു നടത്തിയിരുന്നത് കുട്ടനാട് സ്വദേശിയാണ്. വെള്ളംകയറി കൃഷി നശിച്ചതോടെ വിളവെടുക്കാന്‍ കഴിയാതെ അദ്ദേഹം കൃഷി ഉപേക്ഷിച്ചുപോയി.
Tags : Local News Nattuvishesham Kollam