ആലക്കോട്: നിർമാണം തുടങ്ങി ഒരുവർഷം കഴിഞ്ഞിട്ടും വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി എങ്ങും എത്തിയില്ല. അമ്പതുലക്ഷം ചെലവിട്ട് നിർമിക്കുന്ന വെള്ളാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണമാണു നിലച്ചത്.
കരുവഞ്ചാൽ ന്യൂബസാറിലെ കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലായിരുന്ന വില്ലേജ് ഓഫീസ് പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്. 2025-26 സാമ്പത്തിക വർഷം നിർമാണം പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ, തറയുടെ പ്രവൃത്തി മാത്രമാണ് ഇതുവരെ പൂർത്തീകരിച്ചത്.
ബാക്കി പ്രവൃത്തികൾ മാസങ്ങളായി നിലച്ചിരിക്കുകയാണ്. വയനാട് കേന്ദ്രമായുള്ള സംസ്ഥാന നിർമിതി കേന്ദ്രമാണ് കരാർ എടുത്തത്.തളിപ്പറമ്പ് താലൂക്കിലെ വിസ്തൃതമായ വില്ലേജാണ് വെള്ളാട്. കരുവഞ്ചാലിലെ വാടക കെട്ടിടത്തിന്റെ രണ്ടാം നിലയിലാണു വില്ലേജ് ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഇതു ജനങ്ങൾക്കും ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കെട്ടിട നിർമാണം ഉടൻ പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Tags : nattu vishesham Construction Velladu Smart