കയ്പമംഗലം: രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയുടെ മാലപൊട്ടിച്ച കേസിൽ രണ്ട് യുവാക്കളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വഴിയമ്പലം സ്വദേശി മുന്നാക്കപറമ്പിൽ വീട്ടിൽ മുഹമ്മദ് അസ്ലം(20), കൂരിക്കുഴി സ്വദേശി വൈപ്പിൻ പാടത്ത് വീട്ടിൽ അഖിൽ നാസ്(24) എന്നിവരാണ് പിടിയിലായത്.
ചെന്ത്രാപ്പിന്നി സെന്ററിൽ കട നടത്തുന്ന കോലന്തറ സ്വദേശി മനോഹര(85)ന്റെ മാലയാണ് പ്രതികൾ കവർന്നത്. കഴിഞ്ഞദിവസം രാത്രി കടയടച്ച് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന മനോഹരനെ പ്രതികൾ തടഞ്ഞു നിർത്തുകയും കഴുത്തിലുണ്ടായിരുന്ന രണ്ടര പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കയ്പമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതികളെ പിടികൂടാനായി റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു.
അഖിൽനാസ് കയ്പമംഗലം, വലപ്പാട് പോലീസ് സ്റ്റേഷനുകളിൽ പ്രതിയാണ്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി പി. പ്രമോദിന്റെ നേതൃത്വത്തിൽ കയ്പമംഗലം എസ്എച്ച്ഒ കെ.ടി. ബിജിത്ത്, എസ്ഐ അജാസുദ്ദീൻ, ഗ്രേഡ് എസ്ഐ പി.കെ. രാജേഷ്, ഗ്രേഡ് സീനിയർ സിപിഒ സുനിൽകുമാർ, സിപിഒ വിശാഖ് കൃഷ്ണ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Tags : nattu vishesham Businessman's necklace busting