കൊരട്ടി: ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലൈസൻസില്ലാതെയും വൃത്തിഹീന സാഹചര്യങ്ങളിലുമുള്ള ഭക്ഷണശാലകൾക്കെതിരേ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്തതിനു വ്യാപക പ്രതിഷേധമുയരുന്നു. കാലവർഷം തുടങ്ങിയ സാഹചര്യത്തിൽ ജനാരോഗ്യ ഭീഷണി വർധിച്ചുവരുകയാണെന്നും അടിയന്തര ഇടപെടൽ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പൊങ്ങം മുതൽ മുരിങ്ങൂർ വരെയുള്ള ദേശീയപാതയിലെയും പഞ്ചായത്തിന്റെ ഉൾപ്രദേശങ്ങളിലെയും നിരവധി ഹോട്ടലുകളും ബേക്കറികളും പൊതുജനങ്ങൾക്ക് സേവനം നൽകുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും ചില സ്ഥാപനങ്ങൾ ലൈസൻസില്ലാതെയും അത്യന്തം വൃത്തിഹീനമായ സാഹചര്യങ്ങളിലുമാണ് പ്രവർത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്.
ഇത്തരം സ്ഥാപനങ്ങൾമൂലം നിയമാനുസൃതമായി പ്രവർത്തിക്കുന്ന മറ്റ് ഭക്ഷണശാലകൾക്കും സംശയത്തിന്റെ നിഴൽ വീഴുന്നതായും വ്യാപാര മേഖലയിൽ ആശങ്ക ഉയരുന്നതായും പറയുന്നു.
പൊതുജനങ്ങളിൽനിന്നു നിരന്തരം പരാതികൾ ഉയരുന്നുണ്ടെങ്കിലും പലപ്പോഴും അധികൃതർ പരിശോധന നടത്താൻപോലും തയാറാകുന്നില്ലെന്നാണ് ആക്ഷേപം. പ്രധാന ജംഗ്ഷനുകളിലെ ഭക്ഷണശാലകളിലെ മലിനജലം പൊതുകാനകളിലേക്ക് ഒഴുക്കിവിടുന്നതായും പരാതിയുണ്ട്. മഴ തുടങ്ങിയതോടെ പ്രദേശങ്ങളിലെ വെള്ളക്കെട്ടുകളും വഴിയോരങ്ങളിൽ സാമൂഹികവിരുദ്ധർ തള്ളുന്ന മാലിന്യങ്ങളും കൊരട്ടിച്ചാൽ ഉൾപ്പെടെയുള്ള ജലസ്രോതസുകളിലേക്ക് ഒഴുകുകയാണ്. ഇതോടെ കുടിവെള്ള മലിനീകരണ ഭീഷണിയും രൂക്ഷമാകുന്നു.
എലിപ്പനി, മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പ്രദേശത്ത് വർധിച്ചുവരുന്നതായും ആരോഗ്യ ആശങ്കകൾ ഉയരുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പ്രദേശത്തെ ആരോഗ്യവകുപ്പ് ഉദ്യോസ്ഥരോ, ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരോ, ഹോട്ടലുകളിലും ബേക്കറികളിലും പതിവ് പരിശോധന നടത്താറില്ലെന്ന പരാതിയും വ്യാപകമാണ്. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ പോലും നോട്ടീസ് നൽകുകയോ, നാമമാത്രമായ പിഴ ഈടാക്കുകയോ ചെയ്യുന്നതിൽ കാര്യങ്ങൾ ഒതുങ്ങുന്നതായും ആരോപണമുണ്ട്.
അതേസമയം ഭക്ഷ്യസുരക്ഷാ വിഭാഗം ജീവനക്കാരുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി പരിശോധനകൾ പ്രധാനകേന്ദ്രങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുന്നതായും പറയുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തയാറാക്കുന്ന റിപ്പോർട്ടുകൾ പഞ്ചായത്ത് അധികൃതർക്ക് കൈമാറിയാലും തുടർന്ന് നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കച്ചവട സ്ഥാപനങ്ങൾക്ക് സാനിറ്ററി സർട്ടിഫിക്കറ്റ് ഇല്ലാതെ ലൈസൻസ് പുതുക്കിനൽകാൻ തയാറാകാത്ത പഞ്ചായത്ത് അധികൃതർ, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അനധികൃത ഭക്ഷണശാലകൾക്കെതിരേ ഫലപ്രദമായ നടപടി സ്വീകരിക്കാത്തത് ഇരട്ടത്താപ്പാണെന്നാണ് നാട്ടുകാരുടെ വിമർശനം. ഭക്ഷ്യവസ്തുക്കളുടെ വിലവിവരപട്ടിക പ്രദർശിപ്പിക്കുന്നതടക്കമുള്ള നിയമങ്ങൾ പാലിക്കുന്നതിലും പല സ്ഥാപനങ്ങളും വീഴ്ച വരുത്തുന്നതായും പരാതിയുണ്ട്.
Tags : nattu vishesham Epidemic threat