തൃശൂർ: ടിബി മുക്ത് ഭാരത് അഭിയാൻപദ്ധതിയുടെ 100 ദിന പരിപാടിയുടെ ഭാഗമായി തൃശൂർ റെയിൽവേയുടെയും ജില്ലാ ടിബി കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിൽ 100 ദിന ബോധവത്കരണ കാന്പയിൻ സംഘടിപ്പിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി. ശ്രീദേവി, ജില്ലാ ടിബി ഓഫീസർ ഡോ. ജിൽഷോ ജോർജ് എന്നിവർ പങ്കെടുത്തു.
ജില്ലാ ടിബി സെന്റർ ജീവനക്കാരും റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടർമാരും ഗവ. നഴ്സിംഗ് സ്കൂളിലെ നിക്ഷയ് മിത്ര വോളന്റിയർമാരും പങ്കെടുത്തു. കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാർക്കായി ഒരുക്കിയ ബോധവത്കരണ ക്ലാസ് ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഫ്ളാഗ്ഓഫ് ചെയ്തു. തൃശൂർ മുതൽ ചാലക്കുടി വരെയുള്ള യാത്രാമധ്യേ ട്രെയിനിനുള്ളിൽ ആരോഗ്യവിദ്യാഭ്യാസ ക്ലാസുകളും ലഘുലേഖവിതരണവും നടന്നു.
ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ എത്തിയ ജാഥയെ ചാലക്കുടി നഗരസഭാ ചെയർപേഴ്സണ്‍ ആലീസ് ഷിബു, കൗണ്‍സിലർമാരായ ലിൻഡ, ഷിബു വാലപ്പൻ, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ, ഡോ. മനീഷ, മറ്റു ടിബി യൂണിറ്റ് ജീവനക്കാർ എന്നിവർ സ്വീകരിച്ചു. തുടർന്ന് സെന്റ് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ബോധവത്കരണ ക്ലാസ്, ക്ഷയരോഗനിർണയ സ്ക്രീനിംഗ്, തെരുവുനാടകം എന്നിവ സംഘടിപ്പിച്ചു.
Tags : nattu vishesham Tuberculosis-free India campaign