മട്ടന്നൂർ: പുതിയ അധ്യയന വർഷം ആരംഭിച്ചു ദിവസങ്ങൾക്കുള്ളിൽ അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടി നൽകിയതോടെ സ്കൂൾ പ്രവർത്തനം അവതാളത്തിലാകുമോയെന്ന ആശങ്ക. സെൻസസ് ഡ്യൂട്ടി ലഭിച്ചവർക്കുള്ള പരിശീലനവും ഇതിനകം ആരംഭിച്ചു. കൂടുതലായും അധ്യാപകരെയാണ് സെൻസസ് നടത്താനായി നിയോഗിച്ചിട്ടുള്ളത്.
കനത്ത മഴക്കാലത്തോടൊപ്പം സ്കൂൾ തുറന്നു ദിവസങ്ങൾക്കകം തന്നെ ക്ലാസിൽ നിന്നു വിട്ടുനിൽക്കേണ്ട അവസ്ഥയാണ് അധ്യാപകർക്ക്. ഇക്കുറി ഓണപ്പരീക്ഷ ഓഗസ്റ്റ് 10ന് ആരംഭിക്കും. ഡ്യൂട്ടി വന്നതുമുതൽ അധ്യാപകർ ആശങ്കയിലാണ്. പരീക്ഷയ്ക്കു മുമ്പേ പാഠം എടുത്തു തീർക്കേണ്ടതുണ്ട്. ഓരോ സ്കൂളുകളിൽ നിന്നും പകുതിയിലേറെ അധ്യാപകരെ സെൻസസ് ഡ്യൂട്ടിയിൽ നിയോഗിച്ചതായും പറയുന്നു. ആദ്യഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കു മുന്നോടിയായി സൂപ്പര്‍വൈസര്‍മാര്‍ക്കും എന്യൂമറേറ്റര്‍മാര്‍ക്കും ക്ലാസുകൾ കഴിഞ്ഞദിവസം മുതലാണ് ആരംഭിച്ചത്.
താലൂക്കുകളിലും നഗരസഭകളിലും കോര്‍പറേഷനിലും വിവിധ ബാച്ചുകള്‍ക്കാണു പരിശീലനം. നിലവിലെ വാർഡുകളെ വിവിധ ബ്ലോക്കുകളായി തിരിച്ചാണു വിവര ശേഖരണം നടത്തുക. ഏറ്റവും കുറഞ്ഞത് 200 കെട്ടിടങ്ങൾ ഓരോ ബ്ലോക്കിലും ഉണ്ടാകും.
ജനസംഖ്യ കണക്കാക്കിയാൽ ഒരു ബ്ലോക്കിൽ 800 പേരുണ്ടാകും. ഓരോ ബ്ലോക്കിനും ഒരു എന്യൂമറേറ്റർക്ക് വീതം ചുമതല നൽകിയാണ് വിവര ശേഖരണം. ആറ് എന്യൂമറേറ്റർമാർക്ക് ഒരു സൂപ്പർവൈസറുമുണ്ടാകും. സ്കൂൾ അധ്യാപകരും റവന്യൂ പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരുമടക്കമുള്ളവരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.
ജൂലൈ ഒന്നുമുതൽ 30 വരെ ഡ്യൂട്ടിയിലുള്ള അധ്യാപകർ അതാത് പ്രദേശം സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കണം. അധ്യയനവർഷം അവസാനിക്കുന്ന ഫെബ്രുവരി, മാർച്ച് മാസം രാജ്യവ്യാപക സെൻസസ് നടക്കും. അതിലും ഇപ്പോൾ ഡ്യൂട്ടി ലഭിച്ച അധ്യാപകർ തന്നെയാകും ഉണ്ടാകുക.
ഇക്കുറി പൊതുജനങ്ങൾക്ക് സെല്‍ഫ് എന്യൂമറേഷന് സംവിധാനവുമുണ്ട്. ജൂണ്‍ 16 മുതല്‍ 30 വരെ പോര്‍ട്ടല്‍വഴി വ്യക്തികള്‍ക്ക് വിവരങ്ങള്‍ സ്വയം രേഖപ്പെടുത്താം. പോര്‍ട്ടലില്‍ ലഭ്യമാക്കുന്ന 34 ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുക്കുന്ന ഭാഷയില്‍ ഉത്തരങ്ങളും നല്‍കാം. ഉത്തരങ്ങള്‍ രേഖപ്പെടുത്തിയശേഷം ലഭിക്കുന്ന സെല്‍ഫ് എന്യൂമറേഷന് ഐഡി ഉപയോഗിച്ച് എന്യൂമറേറ്റര്മര് വിവരങ്ങള്‍ പരിശോധിച്ച് സെന്‍സസ് പോര്‍ട്ടലില്‍ ലഭ്യമാക്കും.
Tags : nattu vishesham Will school operations resume?