അഞ്ചല്‍ : വീട് കയറി ആക്രമിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി തടയാന്‍ ശ്രമിച്ച എസ്ഐ ഉള്‍പ്പെടെയുള്ള പൊലിസ് സംഘത്തെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച പ്രതിയെ പൊലിസ് കീഴ്പ്പെടുത്തി. കൂടുതല്‍ പൊലിസ് എത്തി ബാലപ്രയോഗത്തിലൂടെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
ഏരൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ ആര്‍ച്ചലില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. മാവിള പുത്തന്‍ വീട്ടില്‍ ബിബിന്‍ ബേബി (31) യെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തില്‍ ഏരൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൗലോസ് സിവില്‍ പൊലിസ് ഓഫീസര്‍ ജിനു രാജ് ഹോം ഗാര്‍ഡ് തുളസിധരന് എന്നിവര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പിടിയിലായ ബിബിന്റെ ഭാര്യ വീട്ടില്‍നിന്നു വീട് അടിച്ചു തകര്‍ക്കുന്നുവെന്ന് പൊലിസിനെ അറിയിക്കുന്നത്. തുടര്‍ന്ന് ഏരൂര്‍ സ്റ്റേഷനില്‍ നിന്നും എസ്ഐ പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ആര്‍ച്ചലില്‍ എത്തുകയും യുവാവിനെ പിന്തിരിപ്പിക്കാന് ശ്രമിക്കുകയും ചെയ്തു.
പലതവണ അനുനയിപ്പിച്ചിട്ടും ബിബിന്‍ വഴങ്ങാതായതോടെ ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലിസ് ശ്രമിക്കുകയായിരുന്നു.
ഇതിനിടയിലാണ് ഇയാള്‍ പൊലിസുകാരെ ആക്രമിക്കുന്നത്. ആക്രമണത്തില്‍ നിലത്തുവീണ പൊലിസുകാരെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്ത പ്രതി എസ്ഐ പൗലോസിന്റെ യൂണിഫോം വലിച്ചു കീറുകയും ചെയ്തു.
പൊലിസിനെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ കണ്ട്രോള് റൂമില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍ ഏരൂര്‍ പൊലിസ് സ്റ്റേഷനുകളില്‍നിന്നു കൂടുതല്‍ പൊലിസ് എത്തിയാണ് ബലപ്രയോഗത്തിലൂടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പരിക്കേറ്റ പൊലിസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പൊലിസിനെ ആക്രമിച്ചു കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : Nattuvishesham Districtnews Deepikanews Accused