ബി. ഷൈജു
കായംകുളം: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരെ മുമ്പ് ആക്രമിച്ച കേസിലെ പ്രതി എംഡിഎംഎയുമായി പിടിയിലായി. കായംകുളം കൃഷ്ണപുരം ശാസ്താവിന്റെ അയ്യത്ത് ബി. ഷൈജു (32) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 30.45 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇന്നലെ രാവിലെ ഏഴിന് കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിന് സമീപത്തുവച്ചാണ് ഇയാൾ പിടിയിലായത്.
മാരുതി സിയാസ് കാറിലാണ് ഇയാൾ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് ഏറെ നാളുകളായി ലഹരിവ്യാപാരം നടത്തിവരികയായിരുന്നു ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരുമാസം മുമ്പ് ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരെ വാഹനം ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ച ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു.
ഹരിപ്പാട് എക്സൈസ് സിഐ എം. മഹേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രിവന്റീവ് ഓഫിസർ എം. റെനി, ഗ്രേഡ് പിഒമാരായ വി.കെ. രാജേഷ് കുമാർ, ടി. ജിയേഷ്, വനിതാ സിഇഒ എം.വി. ആര്യദേവി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Tags : attack NattuVishasham DistrictNews