മൂന്നാർ ടൗണിനു സമീപം മുതിരപ്പുഴയിൽ രാസമാലിന്യങ്ങൾ തെളിഞ്ഞപ്പോൾ.
മൂന്നാർ: മുതിരപ്പുഴയാറിലേക്കു മലിനജലവും മറ്റു മാലിന്യങ്ങളും തള്ളിയ സ്ഥാപനങ്ങൾക്കെതിരേ നടപടി. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും മൂന്നാർ പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനകളെ തുടർന്നാണ് നടപടി.
പരിശോധനയിൽ ആറു ഹോട്ടലുകളിൽനിന്നു മലിനജലം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ രണ്ടു സ്ഥാപനങ്ങൾ നേരത്തേ സ്കൂൾ പരിസരത്തേക്കു ശുചിമുറിമാലിന്യം ഒഴുക്കിയതിന്റെ പേരിൽ നടപടി നേരിടേണ്ടിവന്നിട്ടുണ്ട്. നിയമലംഘനങ്ങളെ ത്തുടർന്ന് സ്ഥാപനങ്ങളിൽനിന്നു മൂന്നു ലക്ഷം രൂപ പിഴ ഈടാക്കി.
മാലിന്യം ഒഴുക്കുന്നതു തടയാനുള്ള മാർഗങ്ങൾ അടിയന്തരമായി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ ഏതെങ്കിലും തരത്തിൽ വീഴ്ചയുണ്ടായാൽ ഇതുമായി ബന്ധപ്പെട്ട് വീണ്ടും ലംഘനമുണ്ടായാൽ തദ്ദേശ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തി അതിന്റെ ചെലവുകൾ കൂടി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്ന് ഈടാക്കാനാണ് തീരുമാനം. മുതിരപ്പുഴയാറിന്റെ മലിനീകരണം തടയുന്നതിനും ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി തുടർനടപടികളും പരിശോധനകളും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
മുതിരപ്പുഴയെ മാലിന്യ മുക്തമാക്കാൻ തദ്ദേശ ഭരണകൂടം നിരന്തരം പരിശ്രമങ്ങൾ നടത്തി വരുന്നതിനിടെയാണ് ഇവിടേക്കു മാലിന്യം ഒഴുക്കുന്നതു സംബന്ധിച്ച് പരാതി ഉയർന്നത്. പുഴയിൽ രാസമാലിന്യം കലരുന്നതു സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.