പ്രതീകാത്മക ചിത്രം
തൊടുപുഴ: സമൂഹ്യ മാധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട് പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്സ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ച ജില്ലാ ക്രൈംബ്രാഞ്ചിലെ വനിതാ പൊലിസ് ഉദ്യോഗസ്ഥയ്ക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ പൊലിസ് മേധാവി ഡോ. എ. നസിം അറിയിച്ചു. ജില്ലാ ക്രൈംബ്രാഞ്ചിലെ ഗ്രേഡ് എഎസ്ഐ സജിത സലിമിനെതിരേയാണ് വകുപ്പുതല നടപടി വരുന്നത്.
സജിത സലിമിന്റെ ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലെ കുറിപ്പുകളും പോസ്റ്റുകളും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഇവര്‍ക്കെതിരേ ക്രൈംസ് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി വ്യക്തമാക്കി. മുന്‍പ് പെരുമ്പാവൂര്‍ സ്റ്റേഷനിലായിരുന്ന സജിത സലിം പിന്നീട് ക്രൈംബ്രാഞ്ചിലേക്ക് മാറുകയും തുടര്‍ന്നാണ് ഡിജിഒ പ്രകാരം ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് എത്തുകയും ചെയ്തത്. അതിനാല്‍ വിഷയത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവിക്കും റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എഡിജിപിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഉദ്യോഗസ്ഥയ്ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി അറിയിച്ചു.
പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അവഹേളിക്കുകയും വ്യാജപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നുകാട്ടി സജിത സലിമിനെതിരേ യുവമോര്‍ച്ച ഇടുക്കി നോര്‍ത്ത് ജില്ലാ കമ്മിറ്റിയാണ് തൊടുപുഴ സിഐക്ക് പരാതി നല്‍കിയത്.
Tags : Action taken