വാഹന പാർക്കിംഗ്
പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപം ഭാരവാഹനങ്ങളുടെ അനധികൃത പാർക്കിംഗ് വീണ്ടുമൊരു ദുരന്തത്തിനു വഴിവയ്ക്കുമെന്ന് ആശങ്ക. ദേശീയപാതയിലെ ഗതാഗതതടസത്തിനൊപ്പം അപകടങ്ങൾക്കും ഇത് ഇടയാക്കുന്നു.
ടോൾ ബൂത്തുകളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പും ശേഷവുമുള്ള പാതയോരങ്ങളിലും സർവീസ് റോഡുകളിലുമാണ് കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾനിർത്തിയിടുന്നത്.
റോഡിന്റെ പ്രധാനഭാഗങ്ങൾകൂടി കൈയേറി പാർക്ക് ചെയ്യുന്നതോടെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ വാഹനങ്ങളുടെ സുഗമമായ നീക്കം തടസപ്പെടുന്നു. ടോൾ പ്ലാസയ്ക്കു സമീപം പാർക്ക് ചെയ്യുന്ന ഭാരവാഹനങ്ങൾ മറ്റു വാഹനങ്ങൾക്കു കടന്നുപോകാനുള്ള ഇടംപോലും പരിമിതപ്പെടുത്തുന്ന സാഹചര്യമാണുള്ളത്.
തിരക്കേറിയ സമയങ്ങളിൽ ഇവിടെ യാത്രക്കാർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെടുന്നുണ്ട്. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾപോലും ഗതാഗതക്കുരുക്കിൽ കുടുങ്ങുന്ന സംഭവങ്ങൾ പലപ്പോഴായി ഉണ്ടായി. ടോൾ പ്ലാസയ്ക്കു സമീപത്തെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
ഭാരവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം സൗകര്യം ഒരുക്കുകയും ദേശീയപാതയോരത്തെയും സർവീസ് റോഡുകളിലെയും അനധികൃത പാർക്കിംഗ് കർശനമായി തടയുകയും വേണമെന്നാണ് ആവശ്യം.
Tags : nattu vishesham Vehicle parking encroaches on National Highway