ദേശീയപാത 66ലെ നിർമാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടുന്നതിൽ പ്രതിഷേധം സംഘടിപ്പിച്ചവരുമായി നിർമാണക്കന്പനിയായ ഓറിയന്റലിന്റെ ജനറൽ മാനേജർ ചർച്ച നടത്തുന്ന
വരാപ്പുഴ: ദേശീയപാത 66ലെ നിർമാണം നടക്കുന്നതിനിടയിൽ കൂനമ്മാവ് പ്രദേശത്തെ കുടിവെള്ള പൈപ്പ് പൊട്ടുന്നതിൽ വൻ പ്രതിഷേധം. കുനമ്മാവ് പ്രദേശത്ത് എൻഎച്ച് നിർമാണത്തിന്റെ ഭാഗമായി നിരവധി തവണയാണ് കുടിവെള്ള പൈപ്പ് പൊട്ടുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
കഴിഞ്ഞദിവസം കൂനമ്മാവ് കാവിൽനടയിൽ ദേശീയപാതയിലെ നിർമാണത്തിനിടെ മൂന്നു മീറ്ററോളം കുടിവെള്ള പൈപ്പ് തകർന്നു. എന്നാൽ ഇത് മറച്ചുവച്ചുകൊണ്ട് പ്രദേശത്ത് മണ്ണിട്ടു മൂടുകയായിരുന്നെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
മേഖലയിൽ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങിയതോടെ അന്വേഷിച്ചിറങ്ങിയ വാട്ടർ അഥോറിറ്റി അധികൃതരും നാട്ടുകാരുമാണ് മണ്ണിട്ടു മൂടിയ പൈപ്പ് കണ്ടെത്തിയത്. തുടർന്ന് പുതിയ പൈപ്പ് സ്ഥാപിക്കുകയായിരുന്നു. സമാനരീതിയിലാണ് കൂനമ്മാവിലെയും വരാപ്പുഴയിലെയും പല സ്ഥലങ്ങളിൽ ഇവർ മണ്ണിട്ട് മൂടിവയ്ക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
പ്രതിഷേധ സമരത്തിന് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രഷീല ബെന്നി, വൈസ് പ്രസിഡന്റ് വി.എച്ച്. ജമാൽ, വാർഡംഗങ്ങളായ അനു സുനിൽ, കെ.ആർ. പ്രതാപൻ, പൗലോസ് പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : drinking water pipe NattuVishesham DistricteNews