പ്രതീകാത്മക ചിത്രം
മല്ലപ്പള്ളി: കാര്‍ഷിക വികസന ബാങ്കില്‍ നിന്ന് സ്വര്‍ണം തിരിമറിയിലൂടെ 1.25 കോടിയിലേറെ രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സെക്രട്ടറി രാധാശ്രീ റിമാന്‍ഡില്‍. തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശിയായ രാധാശ്രീ മല്ലപ്പള്ളിയിലാണ് താമസിച്ചുവന്നിരുന്നത്.
സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍ സുരക്ഷിതമായി സൂക്ഷിച്ചില്ല, കണക്കുകള്‍ യഥാസമയം പരിശോധിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് രാധാശ്രീക്കുമേല് ചുമത്തിയിരിക്കുന്നത്.
സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതോടെ സെക്രട്ടറിയെ ബാങ്ക് ഭരണസമിതി സസ്പെന്‍ഡ് ചെയ്തിരുന്നു. സഹകരണ വകുപ്പ് റീജിണല്‍ മാനേജര്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ പതിവുപരിശോധനയിലാണ് 1.35 കോടി രൂപയുടെ മൂല്യമുള്ള പണയസ്വര്ണാഭരണങ്ങള് ബാങ്ക് ലോക്കറില്‍ ഇല്ലെന്നു കണ്ടെത്തിയത്. 1200 ഗ്രാമിലേറെ സ്വര്‍ണം നഷ്ടപ്പെട്ടിരുന്നു.
ബാങ്കിലെ ജീവനക്കാരനായിരുന്ന വിജേഷ് കുമാര്‍ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തുവന്നിരുന്നു. ഇയാളും റിമാന്‍ഡിലാണ്. മറ്റു ജീവനക്കാരുടെ വിശ്വാസം മുതലെടുത്താണെന്ന് വിജേഷ് കുമാര്‍ കുറ്റകൃത്യം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ബാങ്കിലെ മറ്റു ജീവനക്കാരും ഭരണസമിതി അംഗങ്ങളും അര്‍പ്പിച്ച വിശ്വാസം ദുരുപയോഗം ചെയ്താണ് സെക്രട്ടറിയുടെ പക്കല്‍ നിന്നും സ്വര്‍ണം സൂക്ഷിക്കുന്ന ലോക്കറിന്റെ താക്കോല്‍ കൈക്കലാക്കിയത്.
പത്തു വര്‍ഷം മുന്‍പ് ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച വിജേഷ്, സൗമ്യമായ പെരുമാറ്റത്തിലൂടെ ജീവനക്കാരുടെയും ഭരണസമിതിയുടെയും പ്രീതി പിടിച്ചുപറ്റിയിരുന്നു.
ബാങ്കില്‍ എത്തുന്ന ഇടപാടുകാരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ ചെയ്തുനല്‍കുന്നതില്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നതായി സഹകാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. സല്പേരും വിശ്വാസ്യതയും മുതലെടുത്താണ് സ്വര്‍ണ ഉരുപ്പടികള്‍ സൂക്ഷിക്കുന്ന ലോക്കറിന്റെ ചുമതല മേലധികാരികളില്‍നിന്ന് വിജേഷ് സ്വന്തമാക്കിയത്. 15 ലക്ഷം രൂപ ഇതിനിടെ സെക്രട്ടറിയായിരുന്ന രാധാശ്രീക്ക് വിജേഷ് കുമാര്‍ നല്‍കിയതിന്റെ വിവരവും പുറത്തുവന്നിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പാണ് ബാങ്കില്‍ സ്വര്‍ണപ്പണയ വായ്പാ പദ്ധതി ആരംഭിച്ചത്. ബാങ്കിലെ ജീവനക്കാരുടെ സ്വര്‍ണാഭരണങ്ങളാണ് ഇവിടെ പണയംവച്ചിരുന്നവയില് ഭൂരിഭാഗവും. ലോക്കറില്‍നിന്ന് കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ മല്ലപ്പള്ളി ടൗണിലയും സമീപപ്രദേശങ്ങളിലെയും വിവിധ ബാങ്കുകളില്‍ പണയപ്പെടുത്തി വിജേഷ് വന്‍തുക കൈക്കലാക്കിയതായാണ് പ്രാഥമിക വിവരം.
അതേസമയം, ബാങ്കിന് നഷ്ടമായ സ്വര്‍ണം ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് വിജേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് അറിയിച്ചതായും വിവരമുണ്ട്. സംഭവത്തില്‍ പൊലിസ് വിശദമായ അന്വേഷണം തുടരുകയാണ്.
Tags : Gold misappropriation NattuVishesham DistrictNews