പ്രതീകാത്മക ചിത്രം
കായംകുളം: ദേശീയപാതയിൽ വാഹനാപകടങ്ങൾ വർധിച്ചതിനെ തുടർന്ന് സുരക്ഷിതമല്ലാത്ത പ്രവേശന കവാടങ്ങൾ അധികൃതർ അടച്ചു. സ്ഥിരം അപകടമേഖലയായ കായംകുളം മുതൽ രാമപുരം വരെയുള്ള ഭാഗത്തെ കവാടങ്ങൾ ആണ് അടച്ചത്.
സുരക്ഷിതമല്ലാത്ത പ്രവേശന കവാടങ്ങളിലൂടെ വാഹനങ്ങൾ കടക്കുമ്പോൾ അപകടം വർധിക്കുന്നത് സംബന്ധിച്ച് ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേ തുടർന്നാണ് നടപടി. സുരക്ഷിതമല്ലാത്ത പ്രവേശന കവാടങ്ങളിലൂടെ ഇരുചക്ര വാഹനങ്ങൾ ദേശീയപാതയിലേക്ക് കടക്കാൻ ശ്രമിക്കുന്നത് അപകടങ്ങൾ ഉണ്ടാക്കുകയും ആളുകൾ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.
കഴിഞ്ഞ ദിവസം കരീലക്കുളങ്ങരയിൽ ബുള്ളറ്റ് യാത്രക്കാരൻ ദേശീയപാതയിലേക്ക് പ്രവേശിച്ചപ്പോൾ അമിതവേഗതയിലെത്തിയ കാറുമായി ബുള്ളറ്റ് കൂട്ടിയിടിക്കുകയും മുട്ടം പള്ളിപ്പാട് സ്വദേശിയായ മുപ്പത്തിയേഴുകാരനായ ഖലീൽ എന്ന യുവാവ് ദാരുണമായി മരണപ്പെടുകയും ചെയ്തിരുന്നു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് രണ്ടായി തകർന്ന് വേർപ്പെട്ടു.
സർവീസ് റോഡുകളിൽ നിന്നും ഇടറോഡുകളിൽ നിന്നും പ്രധാന പാതയിലേക്ക് വാഹനങ്ങൾ അശ്രദ്ധമായി പ്രവേശിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
ആറുവരിപ്പാതയാക്കിമാറ്റാനായി നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന ഘട്ടത്തിൽ തന്നെ ദേശീയപാത കുരുതിക്കളമായി മാറുന്നത് വലിയ ആശങ്കയ്ക്ക് ഇട നൽകുകയാണ്. ദേശീയപാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും കൃത്യമായ ഇടങ്ങളിൽ പ്രത്യേക റാമ്പുകളും സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇവയല്ലാതെയുള്ള അനധികൃത വിടവുകൾ ബാരിക്കേഡുകളും ക്രാഷ് ബാരിയറുകളും ഉപയോഗിച്ച് അടയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
എൻട്രി പോയിന്റുകളിലൂടെ പുറത്തേക്ക് ഇറങ്ങുന്നതും എക്സിറ്റ് പോയിന്റുകളിലൂടെ തെറ്റായ ദിശയിൽ ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതും ഗുരുതരമായ നിയമലംഘനമാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
യാത്രക്കാർ സർവീസ് റോഡുകൾ കൃത്യമായി ഉപയോഗിക്കുകയും, അംഗീകൃത പ്രവേശന-നിർഗമന കവാടങ്ങൾ വഴി മാത്രം ദേശീയപാതയിലേക്ക് പ്രവേശിക്കുകയും ചെയ്താൽ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ദേശീയപാതയിൽ ഹരിപ്പാടിനും-കായംകുളം കൃഷ്ണപുരത്തിനും ഇടയിൽ നിരവധിപ്പേരാണ് അപകടത്തിൽ മരണപ്പെട്ടത്. വാഹനങ്ങളുടെ അമിതവേഗം, പാതയിൽ വാഹനംനിർത്തിയിടുക, അപകടകമായ രീതിയിൽ റോഡ് ക്രോസ് ചെയ്യുക തുടങ്ങിയവയും അപകടങ്ങൾക്ക് കാരണമായിത്തീരാറുണ്ട്.
Tags : highway closed nattuvishesham local news Authorities finally open their eyes