മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന വെട്ടുകല്ലേൽ തോമസിന്റെ വീട്.
പേരാമ്പ്ര: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഉയരമുള്ള പാർശ്വ ഭാഗം ഇടിച്ചപ്പോൾ വീട് അപകട സ്ഥിതിയിലായ വെട്ടുകല്ലേൽ തോമസിന്റെ പ്രശ്നം പരിഹാരമില്ലാതെ തുടരുന്നു. ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് 13 ൽ പെട്ട ചെമ്പ്രയിലാണ് തോമസിന്റെ വീട്. പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര മലയോര ഹൈവേ നിർമാണത്തിനിടെപാതയോരം കെആർഎഫ്ബി ഇടിച്ചപ്പോഴാണ് വീട് അപകടാവസ്ഥയിലായത്.
പഞ്ചായത്ത്, പൊലിസ്, ജനപ്രതിനിധികൾ എന്നിവരുടെയെല്ലാം പക്കൽ പരാതി നൽകി തോമസ് നടപടിയും പ്രതീക്ഷിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടു. കൊയിലാണ്ടി താലൂക്ക് വികസന സമിതിക്കും പരാതി നൽകി. പരിഹാര നടപടികൾ എടുക്കുന്നതിൽ തടസമില്ലെന്നും അതിനുള്ള മാർഗ നിർദേശത്തിനു കാത്തിരിക്കുകയാണെന്നും കേരള റോഡ് ഫണ്ട് ബോർഡ് താലൂക്ക് സമിതിക്ക് മറുപടിയും നൽകി.
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് മാർഗ നിർദേശം നൽകേണ്ടത്. കെആർഎഫ്ബി ഓഗസ്റ്റ് പത്തിന് ഈ സ്ഥാപനത്തിലേക്ക് നിർദേശത്തിനായി കത്തയച്ചെങ്കിലും ഇവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. മഴയ്ക്ക് മുമ്പ് തോമസിന്റെ വീടിന്റെ മണ്ണിടിയുന്ന ഭാഗത്ത് സംരംക്ഷണ ഭിത്തി നിർമിച്ചില്ലെങ്കിൽ പ്രശ്നം കൂടുതൽ ഗുരുതരമാകും. ഇതിനിടയിൽ താലൂക്ക് വികസന സമിതി തീരുമാന പ്രകാരം തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥ സംഘം വീട് സന്ദർശിച്ച് പരാതിയുടെ ഗൗരവം നേരിൽ ബോധ്യപ്പെട്ടതാണ്. വീടിനു റോഡിന്റെ വശത്ത് നിന്ന് സംരക്ഷണ ഭിത്തി നിർമിക്കണമെന്നത് പരിശോധനാ സംഘവും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
Tags : Highway Research Institute Highway Research NattuVishesham DistrictNews