പഴശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്ന നിർമാണപ്രവൃത്തികൾ.
ഇരിട്ടി: വൈദ്യുതി പ്രതിസന്ധിക്കിടെ ആശ്വാസമേകാൻ പഴശി സാഗർ മിനി ജലവൈദ്യുത പദ്ധതി ജൂൺ ആദ്യവാരത്തോടെ ഉത്പാദനം ആരംഭിക്കും. 7.5 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ 70 ശതമാനം നിർമാണ പ്രവൃത്തികളും പൂർത്തിയായി. മേയ് 31നകം നിർമാണം പൂർത്തിയാക്കണമെന്ന വൈദ്യുതിമന്ത്രിയുടെ നിർദേശത്തെ തുടർന്ന് പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പദ്ധതിയുടെ നിർമാണപുരോഗതി വിലയിരുത്തുന്നതിനും അടുത്ത കാലവർഷത്തിൽ ഉത്പാദനം ആരംഭിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഇന്ന് പദ്ധതി പ്രദേശത്ത് മന്ത്രിതല അവലോകന യോഗം ചേരും. വൈദ്യുത മന്ത്രി സണ്ണി ജോസഫിനൊപ്പം ജലവിഭവ മന്ത്രി മോൺസ് ജോസഫും യോഗത്തിൽ പങ്കെടുക്കും.
നിർമാണം ഒന്നോ രണ്ടോ മാസം വൈകിയാൽ ഒരു ഉത്പാദന സീസൺ പൂർണമായും നഷ്ടപ്പെടുമെന്നതിനാൽ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമം. പ്രധാന തുരങ്കത്തിന്റെയും മൂന്ന് ഉപതുരങ്കങ്ങളുടെയും നിർമാണം പൂർത്തിയായി. പവർഹൗസിന്റെ 70 ശതമാനം പ്രവൃത്തികളും കഴിഞ്ഞു.
ക്രെയിൻ ഉപയോഗിച്ച് യന്ത്രഭാഗങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തി അടുത്ത മാസം ആരംഭിക്കും. കാലവർഷത്തിൽ വളപട്ടണം പുഴയിലേക്ക് ഒഴുകിയെത്തുന്ന അധികജലം പ്രയോജനപ്പെടുത്തിയാണ് പദ്ധതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പ്രധാന തുരങ്കത്തിൽനിന്ന് മൂന്ന് ഉപ തുരങ്കങ്ങളിലൂടെ വെള്ളം കടത്തിവിട്ട് 2.5 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ടർബൈനുകൾ പ്രവർത്തിപ്പിച്ചാണ് 7.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക.
ജൂൺ മുതൽ നവംബർ വരെയുള്ള ആറുമാസമാണ് പൂർണതോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. വേനൽക്കാലത്തെ കുടിവെള്ള ആവശ്യത്തിനുള്ള ജലസംഭരണം നിലനിർത്തുന്നതിനൊപ്പം ഡിസംബർ, ജനുവരി മാസങ്ങളിലും ഉത്പാദനം നടത്താനാകുമെന്ന പ്രതീക്ഷയുമുണ്ട്. ജലസംഭരണിയിലെ വെള്ളം 23.5 മീറ്റർ നിരപ്പിൽ നിലനിർത്തി ഉത്പാദനം നടത്താനാണ് പദ്ധതി. പദ്ധതിയുടെ പരമാവധി സംഭരണനിരപ്പ് 26.52 മീറ്ററാണ്. തുരങ്കത്തിലെയും പവർഹൗസിലെയും പ്രവൃത്തികളെ ബാധിക്കാതിരിക്കാൻ വെള്ളം തിരിച്ചുവിടുന്നതിനുള്ള താത്കാലിക ബാരാജിന്റെ നിർമാണവും പൂർത്തിയാകുകയാണ്. വൈദ്യുതി ഉത്പാദനത്തിനുശേഷം വെള്ളം വളപട്ടണം പുഴയിലേക്ക് തന്നെ ഒഴുക്കിവിടും. കാലവർഷത്തെ ആശ്രയിച്ചുള്ള പദ്ധതിയായതിനാൽ സമയബന്ധിതമായ പൂർത്തീകരണം നിർണായകമാണ്.
Tags : Pazhassi Sagar Mini Hydroelectric Project NattuVishesham DistricteNews