ക്ഷേത്ര പരിസരത്ത് പൊങ്കാല കലങ്ങള്‍ നിരന്ന നിലയില്‍.
ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നാളെ നടക്കും. ഭക്തരുടെ മണ്കലങ്ങള് ക്ഷേത്രപരിസരങ്ങളില്നിരന്നു. പൊങ്കാലയ്ക്ക് ഒരു ദിവസം ബാക്കിനില്‍ക്കേ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം ആരംഭിച്ചു. സംസ്ഥാനനത്തിന് അകത്തും പുറത്തുമുള്ള ഭക്തരാണ് പൊങ്കാല സമര്‍പ്പണത്തിനായി ഇന്നലെ മുതല്‍ ക്ഷേത്രത്തില്‍ തമ്പടിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ലക്ഷക്കണക്കിന് വിശ്വാസികള്‍ പൊങ്കാല അര്‍പ്പിക്കുമ്പോള്‍ പ്രദേശം മഹായാഗഭൂമിയായി മാറും.
നാളെ പുലര്‍ച്ചെ നാലിന് നിര്മാല ദര്‍ശനത്തോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്ര മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. പൊങ്കാലയ്ക്ക് മുന്നോടിയായി ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഭക്തജനസംഗമം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. റെജി ചെറിയാന് എംഎല്‍എ ആമുഖപ്രഭാഷണവും, കൊടിക്കുന്നില്‍ സുരേഷ് എംപി പൊങ്കാല സന്ദേശവും, മാന്നാര്‍ അബ്ദുള്‍ ലത്തീഫ് മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.
സുരക്ഷ ക്രമീകരണങ്ങള്‍
ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടര്‍മാരുടെയും പൊലിസ് മേധാവിമാരുടെയും നേത്യത്വത്തില്‍ വന്‍സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കി. പൊങ്കാല നടക്കുന്ന തകഴി, എടത്വ, കിടങ്ങറ, തിരുവല്ല, കാവുംഭാഗം, പൊടിയാടി, ചെങ്ങന്നൂര്‍, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ ട്രാഫിക് നിയന്ത്രണവും സുരക്ഷയും കര്‍ശനമാക്കി.
Tags : Chakkulathukavu Pongala Nattuvishesham DistrictNews