പ്രതീകാത്മക ചിത്രം
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത 183 വികസന പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിനുള്ള സംയുക്ത സ്ഥലപരിശോധന ഇന്ന് ആരഭിക്കും. കൊല്ലം, ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ താമരക്കുളം വയ്യാങ്കരയിൽ നിന്നാണ് പരിശോധനാ നടപടികൾ ആരംഭിക്കുന്നത്.
ആദ്യദിവസം ആലപ്പുഴ ജില്ലയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് സർവേ ആരംഭിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ആവശ്യപ്രകാരം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ നിർദ്ദേശാനുസരണം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധന ആരംഭിക്കാൻ നടപടിയായത്.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഒരേസമയം മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് തീരുമാനം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനയിൽ ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ വിഭാഗം ഉദ്യോഗസ്ഥർ, മുംബൈ ആസ്ഥാനമായുള്ള ശ്രീകണ്ഠെ കൺസൾട്ടന്റ്സ്, ദേശീയപാത വിഭാഗം എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ബന്ധപ്പെട്ട രണ്ട് സ്പെഷ്യൽ തഹസിൽദാർമാർ മേൽനോട്ടം വഹിക്കും.
ഡിസംബർ 20നകം സ്ഥലപരിശോധനയും വിവരങ്ങളുടെ സ്ഥിരീകരണവും പൂർത്തിയാക്കി ഡിസംബർ 31നു മുമ്പായി പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവിധ തലങ്ങളിലൂടെ പരിശോധനാ റിപ്പോർട്ടുകൾ സമയബന്ധിതമായി കൈമാറേണ്ടതുണ്ട്.
ദേശീയപാതയുടെ പുതിയ അലൈൻമെന്റുമായി ബന്ധപ്പെട്ട് വൈദ്യുതി ലൈനുകളും കുടിവെള്ള പൈപ്പുകളും ഉൾപ്പെടെയുള്ള യൂട്ടിലിറ്റി സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റുകൾ തയ്യാറാക്കാൻ കെഎസ്ഇബി, കേരള വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തും.
പുതിയ അലൈൻമെന്റിൽ മുറിച്ചുമാറ്റേണ്ട മരങ്ങളുടെ കണക്കെടുപ്പും വനവത്ക്കരണത്തിനാവശ്യമായ ചെലവ് നിർണയിക്കുന്നതിനുള്ള പരിശോധനയും സോഷ്യൽ ഫോറസ്ട്രി വകുപ്പ് നടത്തും. കൊല്ലം ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ 54.37 കിലോമീറ്റർ ദൂരത്തിൽ ദേശീയപാത 183 നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിക്ക് 1,663.15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലും അനുബന്ധ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ട വികസന പദ്ധതിയിൽ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ കൂടിയാണ് 40 കിലോമീറ്ററിലധികം റോഡ് കടന്നുപോകുന്നത്. പദ്ധതിയുടെ ഓരോ ഘട്ടത്തിലെയും പുരോഗതി നേരിട്ട് നിരീക്ഷിക്കുമെന്നും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കി നടപടികൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ ഇടപെടൽ തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
Tags : Kollam–Theni Highway nattuvishesham local news Kollam–Theni National Highway Development