കോന്തനാരിയില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ കൈയങ്കളി.
കോഴിക്കോട്: പന്തീരാങ്കാവ് റൂട്ടിലെ സര്‍വീസ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂത്ത് രണ്ട് സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പന്തിരങ്കാവ് പൊലിസ് കേസെടുത്തു.
ബസ് കസ്റ്റഡിയില്‍ എടുക്കുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് കോന്തനാരി സലീന പാലസിന് സമീപമാണ് യാത്രക്കാരുടെ മുന്നില്‍ വച്ച് ജീവനക്കാര്‍ ഏറ്റുമുട്ടിയത്. പ്രകോപിതരായ ജീവനക്കാര്‍ ബസിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പെരുമണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഇഷികമോള്, പൊക്കുന്ന് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗുരുകൃപ എന്നീ ബസുകളിലെ ജീവനക്കാരാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇതിന് മുന്നോടിയായി കോട്ടപ്പറമ്പ്, കല്ലായി റോഡ്, എംസിസി ബാങ്ക് പരിസരം എന്നിവിടങ്ങളില്‍ ബസുകള്‍ തമ്മില്‍ തട്ടിക്കലും ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും നടന്നിരുന്നു. കോന്തനാരിയില്‍ ഗുരുകൃപ ബസ് നിര്‍ത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി.
ഇതിനിടെ ബസുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. നാട്ടുകാര്‍ ഇടപെട്ടാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിന്തിരിപ്പിച്ചത്. ബസുകളുടെ മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കവും യാത്രക്കാരുടെ സുരക്ഷിത യാത്രയ്ക്കും ഭീഷണിയാകുന്നതായാണ് യാത്രക്കാരുടെ പരാതി.
Tags : Altercation between private bus staff Altercation NattuVishesham DistrictNews