അപകടമുന്നറിയിപ്പായി നാട്ടുകാർ വീപ്പകൾ നിരത്തി ചുവന്ന റിബൺ കെട്ടിയ നിലയിൽ.
ഇരിട്ടി: വള്ളിത്തോട്-ചരൾ റോഡിൽ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടതോടെ മുടയരിഞ്ഞിയിൽ റോഡ് പുഴയിലേക്ക് ഇടിയുന്നത് തുടരുന്നു. അപകടാവസ്ഥ കൂടുതൽ രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. റോഡ് പുഴയിലേക്ക് ഇടിഞ്ഞുതുടങ്ങിയിട്ട് രണ്ട് മഴക്കാലം കഴിഞ്ഞെങ്കിലും അപകടാവസ്ഥ അധികൃതർക്ക് ഇതുവരെയും കണ്ണിൽപെട്ടിട്ടില്ല. ഇതോടെ വള്ളിത്തോട്-ആനപ്പന്തിക്കവല-മുടയരിഞ്ഞി-ചരൾ-പുല്ലൻപാറതട്ട് റോഡിൽ ഗതാഗതം വൻ അപകടഭീഷണിയിലാണ്.
രണ്ടു വർഷം മുന്പ് റോഡ് ഇടിഞ്ഞുതുടങ്ങിയതു മുതൽ മാധ്യമങ്ങൾ വാർത്ത ചെയ്തിരുന്നു. രണ്ടര വർഷം പിന്നിട്ടിട്ടും സ്ഥിതിക്ക് മാറ്റമില്ലെന്നു മാത്രമല്ല, മണ്ണിടിച്ചിൽ ടാറിംഗ് വരെ എത്തിയിരിക്കുകയാണ്. റോഡിൽ നിന്ന് ഏകദേശം 30 അടി താഴ്ചയിലാണ് പുഴ ഒഴുകുന്നത്. ടാറിംഗിലും പലസ്ഥലങ്ങളിലും വിള്ളൽ രൂപപ്പെട്ടുകഴിഞ്ഞു.
നേരത്തേ റോഡിൽ മണ്ണിടിച്ചിൽ അനുഭവപ്പെട്ട ഭാഗത്ത് അരക്കോടിയോളം രൂപ ചെലവഴിച്ച് കൂറ്റൻ പാർശ്വഭിത്തി നിർമിച്ചിരുന്നു. എന്നാൽ, ഇതിന് സമീപത്താണ് വീണ്ടും മണ്ണിടിച്ചിൽ തുടരുന്നത്. മഴ ശക്തമാകുന്നതോടെ റോഡിന്റെ കൂടുതൽ ഭാഗം തകരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
റോഡിന്റെ അപകടസാധ്യത അറിയിക്കാൻ നാട്ടുകാർ ബാരലുകൾ സ്ഥാപിച്ച് ചുവന്ന റിബൺ കെട്ടിയതുമാത്രമാണ് ആശ്വാസം.
നാലു വർഷം മുന്പ് 5.4 കോടി രൂപ ചെലവഴിച്ച് മെക്കാഡം ടാറിംഗ് നടത്തിയ 5.8 കിലോമീറ്റർ റോഡാണിത്. 3.8 മീറ്ററായിരുന്ന വീതി 5.5 മീറ്ററായി വർധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, റോഡിന്റെ മുഴുവൻ നീളത്തിലും കോൺക്രീറ്റ് ഓവുചാൽ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അന്ന് പരിഗണിച്ചില്ല. എസ്റ്റിമേറ്റിൽ ആവശ്യമായ തുക വകയിരുത്തിയിട്ടില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
ഓവുചാൽ ഇല്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകി പുഴയിലേക്ക് പതിക്കുകയാണ്. ഇത് റോഡിന്റെ അരികുകൾ ഇടിയുന്നതിനും മണ്ണൊലിപ്പിനും കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. നിർമാണസമയത്ത് ചൂണ്ടിക്കാട്ടിയ പ്രശ്നം പിന്നീട് അപകടസാധ്യതയായി മാറിയിട്ടും പരിഹാരമുണ്ടായില്ല. റോഡിന്റെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി സംരക്ഷണഭിത്തിയും ശാസ്ത്രീയമായ ഓവുചാൽ സംവിധാനവും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Road leads river nattuvishesham local news Road leads into the river