ഡ്രൈവറായ രാജീവ് തന്റെ ടാക്സി കാറിന് സമീപം.
മുക്കം: മോട്ടോർ വാഹന വകുപ്പിന്റെ ഓൺലൈൻ സൈറ്റിലെ സാങ്കേതിക തകരാർ മൂലം വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കാനാകാതെ സംസ്ഥാനത്തെ നൂറുകണക്കിന് ടാക്സി ഡ്രൈവർമാർ ദുരിതത്തിൽ.
2012 മോഡൽ ടൊയോട്ട എത്തിയോസ് സെഡാൻ വിഭാഗത്തിൽപ്പെട്ട വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുന്നതിനാവശ്യമായ ചലാൻ അടയ്ക്കാനാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓൺലൈൻ സൈറ്റിൽ പ്രസ്തുത മോഡൽ വാഹനങ്ങളുടെ വിവരങ്ങൾ ലഭ്യമാകാത്തതിനാൽ ചലാൻ അടയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നില്ല. ഇതോടെ ആവശ്യമായ എല്ലാ രേഖകളും തയാറാക്കിയിട്ടും ഫിറ്റ്നസ് പുതുക്കാനാകാത്ത സ്ഥിതിയാണ്.
മുക്കത്തെ ടാക്സി ഡ്രൈവറായ രാജീവ് ഉൾപ്പെടെയുള്ളവർ ഒരാഴ്ചയിലേറെയായി വാഹനം നിരത്തിലിറക്കാനാകാതെ പ്രതിസന്ധിയിലാണ്. ഇൻഷ്വറൻസ്, ക്ഷേമനിധി, ജിപിഎസ് തുടങ്ങിയ ഫിറ്റ്നസ് പരിശോധനയ്ക്ക് ആവശ്യമായ രേഖകൾക്കും അനുബന്ധ നടപടികൾക്കുമായി പണം ചെലവഴിച്ച് തയാറെടുത്തെങ്കിലും ചലാൻ അടയ്ക്കാൻ കഴിയാത്തതിനാൽ ഫിറ്റ്നസ് പുതുക്കൽ മുടങ്ങിയിരിക്കുകയാണ്. ആർടിഒ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നാണ് ഡ്രൈവർമാരുടെ പരാതി.
ശബരിമല തീർഥാടന സീസണിൽ ടാക്സി വാഹനങ്ങൾക്ക് കൂടുതൽ ഓട്ടം ലഭിക്കേണ്ട സമയത്താണ് ഈ പ്രതിസന്ധി. ഫിറ്റ്നസ് കാലാവധി പുതുക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കിയാൽ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരും. ഇതോടെ ലഭിക്കുന്ന ഓട്ടങ്ങൾ പോലും ഏറ്റെടുക്കാനാകാതെ വരുമാനം നിലച്ച അവസ്ഥയിലാണ് തൊഴിലാളികൾ. അന്നന്നത്തെ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്ന സാധാരണക്കാരായ ടാക്സി തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന പ്രശ്നത്തിൽ ഗതാഗത വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ഓൺലൈൻ സൈറ്റിലെ സാങ്കേതിക തകരാർ പരിഹരിച്ച് ഫിറ്റ്നസ് പുതുക്കുന്നതിനും ചലാൻ അടയ്ക്കുന്നതിനും തടസമില്ലാത്ത സംവിധാനം ഒരുക്കണമെന്നാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്
Tags : Online site glitch Online site NattuVishesham DistrictNews