പാണാവള്ളി പള്ളിവെളിയിൽ പിടികൂടിയ കഞ്ചാവ് പൊലിസ് പരിശോധിക്കുന്നു.
പൂച്ചാക്കൽ: വിൽപ്പനയ്ക്കായി സൂക്ഷിക്കുകയും കടത്തിക്കൊണ്ടുവരികയും ചെയ്ത 12.870 കിലോഗ്രാം കഞ്ചാവുമായി രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ടു പേരെ പൂച്ചാക്കൽ പൊലിസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ യൂത്ത് കോൾഗ്രസ് നേതാവും. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെ പാണാവള്ളി പള്ളിവെളി ഭാഗത്തുനിന്ന് 1.270 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെയും ചേർത്തല - അരൂക്കുറ്റി റോഡിൽ മാക്കേക്കവലയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 11.600 കിലോഗ്രാം കഞ്ചാവുമായി അഞ്ചുപേരെയുമാണ് പൊലിസ് പിടികൂടിയത്.
പൂച്ചാക്കൽ പള്ളിവെളി ഭാഗത്ത് ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി ചേർത്തല ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് മഞ്ജുലാലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആദ്യസംഘം പിടിയിലായത്. പാണാവള്ളി തെക്കേ പള്ളിപ്പറമ്പിൽ ജിതിൻ (23), മണപ്പുറം അരുൺ നിവാസിൽ അരുൺകുമാർ(30), മണപ്പുറം വട്ടത്തറയിൽ അലൻ വർഗീസ് (24) എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.
ചേർത്തല-അരൂക്കുറ്റി റോഡ് വഴി കാറിൽ വൻതോതിൽ ലഹരിമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി ജില്ലാ പൊലിസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ രാത്രി 10.50ന് അഞ്ചുപേരടങ്ങുന്ന രണ്ടാമത്തെ സംഘം മാക്കേക്കവലയിൽ പിടിയിലായത്.
കാർ മാക്കേക്കടവ് ജംഗ്ഷന് സമീപം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. കാറിന്റെ ഡിക്കിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 11.600 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മണപ്പുറം ദാറുൽ സലാമിൽ അലി ജോവഹർ(24), പൂച്ചാക്കൽ തെക്കേകൂനം ചേരിയിൽ സലാഹുദീൻ അയൂബ് (24), മണപ്പുറം നികർത്തിൽ കൃഷ്ണകുമാർ(23), പൂച്ചാക്കൽ തസ്നി മൻസിലിൽ മുഹമ്മദ് അസ്ലം (23), മണപ്പുറം വേലംവെളി വീട്ടിൽ ഷെമീർ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഷെമീർ യൂത്ത് കോൺഗ്രസ് നേതാവും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സജീവ പ്രവർത്തകനുമായിരുന്നു. ഇയാൾക്കെതിരെ പൂച്ചാക്കൽ പൊലിസ് സ്റ്റേഷനിൽ നാല് ക്രിമിനൽ കേസുണ്ട്.
പൂച്ചാക്കൽ പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ടി. ലിജിമോളുടെ നേതൃത്വത്തിൽ എസ്ഐ സുനിൽരാജൻ, എഎസ്ഐ ശിവദാസപ്പണിക്കർ, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ കലേഷ്, റിച്ചാർഡ്, സിനോ, ജോമോൻ, അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, രാജേഷ് എന്നിവരും ചേർത്തല ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടിന്റെ സ്ക്വാഡു ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : 13 kg of ganja seized Nattuvishesham DistrictNews