കൂത്താട്ടുകുളം ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി എത്തിയ ഉദ്യോഗസ്ഥരോടും ജനപ്രതിനിധിയോടും വ്യാപാരികൾ വെള്ളക്കെട്ട് സംബന്ധിച്ച ദുരിതം പങ്കുവയ്ക്കുന്ന
കൂത്താട്ടുകുളം: നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രാഥമിക സർവേ നടപടികൾക്ക് തുടക്കമായി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭ ജനപ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു നഗരത്തിലെ പരിശോധന.
ഗവ. യുപി സ്കൂൾ മുതൽ എസ്ബിഐ ബാങ്കിന് സമീപം വരെയുള്ള വിവിധ സ്ഥലങ്ങളിലായിരുന്നു പ്രാഥമിക സർവേ.നഗരത്തിന്റെ പല ഭാഗങ്ങളിലും ഓടകൾ മണ്ണും മാലിന്യവും നിറഞ്ഞ് മൂടിക്കിടക്കുന്നതായും റോഡിലെ മഴവെള്ളം അഴുക്കുചാലുകളിലേക്ക് സുഗമമായി ഒഴുകിയെത്തുന്നതിന് സാങ്കേതിക തടസങ്ങളുള്ളതായും ഉദ്യോഗസ്ഥർ കണ്ടെത്തി. മഴക്കാലത്ത് വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വെള്ളം കയറുന്നതും കച്ചവടക്കാർ നേരിടുന്ന ദുരിതങ്ങളും വ്യാപാരി പ്രതിനിധികൾ ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്തി.
രാമപുരം കവല, ഓണംകുന്ന് കാവിന് മുൻവശം, ജൂവൽ കവല, നഗരസഭാ കാര്യാലയത്തിന് മുൻഭാഗം, എസ്ബിഐ ബാങ്കിന് സമീപം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. മഴക്കാലങ്ങളിൽ ഏറ്റവും അധികം വെള്ളക്കെട്ട് അനുഭവപ്പെടുന്ന ഈ പ്രദേശങ്ങളിലായിരിക്കും കൂടുതൽ അറ്റകുറ്റപ്പണികളും മാറ്റങ്ങളും നടപ്പിലാക്കുക. മൂവാറ്റുപുഴ മുതൽ ചോരക്കുഴി വരെയുള്ള ഭാഗങ്ങളിൽ ഉടൻ നടത്താനിരിക്കുന്ന റോഡ് റീടാറിംഗ് പ്രവൃത്തികൾക്കൊപ്പം തന്നെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണ് അടിയന്തരമായി സർവേ നടത്തിയത്. മൂവാറ്റുപുഴ പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ജൂലിയൻ ജോസ്, കൂത്താട്ടുകുളം പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ ടി. വിനീത്, ഓവർസിയർ സരിത ജോഷി എന്നിവരടങ്ങുന്ന സാങ്കേതിക സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. നഗരസഭ ചെയർപേഴ്സൺ റെജി ജോൺ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരും സർവേയിൽ പങ്കെടുത്തു.
Tags : Joint survey nattuvishesham local news Waterlogging in Koothattukulam