ജില്ലാ പൊലിസ് മേധാവി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ കുറയ്ക്കുന്നതിനും സൈബർ ഇടങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി കേരള പോലീസ് നടപ്പാക്കുന്ന ‘കിഡ് ഗ്ലൗ' പദ്ധതി ഈ വർഷം 15 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് കോഴിക്കോട് റൂറൽ ജില്ലാ പൊലിസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു.
കേരള പൊലിസിന്റെ "കിഡ് ഗ്ലൗ - 2026' സമ്മിറ്റിൽ എറണാകുളത്ത് പങ്കെടുത്ത കോഴിക്കോട് റൂറൽ മേഖലയിലെ വിദ്യാർഥികളെ ആദരിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനും പദ്ധതിയുടെ തുടർപരിപാടികൾക്ക് തുടക്കം കുറിക്കുന്നതിനുമായി ജില്ലാ പൊലിസ് ട്രെയിനിംഗ് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സൈബർ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കുമെതിരേ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ പൊലിസ് മേധാവി അഭ്യർഥിച്ചു.
സർക്കാരിന്റെ "ക്ലിക്ക്' പദ്ധതിയിൽ എല്ലാവരും പങ്കാളികളാകണമെന്നും അവർ പറഞ്ഞു. സമ്മിറ്റിൽ പങ്കെടുത്ത വിദ്യാർഥികൾ ചടങ്ങിൽ അനുഭവങ്ങൾ പങ്കുവെച്ചു. സൈബർ ക്രൈം ഇൻസ്പെക്ടർ കെ. ഉമേഷ്, സബ് ഇൻസ്പെക്ടർ ടി.ബി. ഷൈജു, സൈബർ സെൽ സബ് ഇൻസ്പെക്ടർ കെ. ശ്രീജിത്ത്, എസ്സിപിഒ എം.കെ. ശരേഷ് എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
Tags : Kid Glove scheme Kid Glove NattuVishesham DistrictNewsNattuVishesham DistrictNews