ഇടക്കുളം മാർത്തോമ്മാ ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ് വിദ്യാർഥികൾ.
റാന്നി: മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ നടപ്പിലാക്കുന്ന വന്യജീവി ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കാട്ടിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയിൽ റാന്നി ഇടക്കുളം മാർത്തോമ്മാ ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ് വിദ്യാർഥികൾ പങ്കുചേർന്നു.
വിദ്യാർഥികൾ അധ്യാപകരോടൊപ്പം ളാഹ, പ്ലാപ്പള്ളി വനമേഖലയിൽ എത്തി കാട്ടിൽ വിത്തുകളും ഫലവൃക്ഷത്തൈകളും നട്ടു. തദ്ദേശീയ ഫലവൃക്ഷങ്ങളുടെ വിത്തുകളാണ് നട്ടത്.
വനത്തിലെ ജീവജാലങ്ങൾക്ക് ഭക്ഷണലഭ്യത ഉറപ്പാക്കുകയും വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നത് കുറയ്ക്കുകയും പക്ഷികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് നടീൽ പരിപാടി സംഘടിപ്പിച്ചത്. വനമേഖലയിൽ നടാൻ അനുയോജ്യമായ തൈകൾ ഏതൊക്കെയാണെന്ന് ഉദ്യോഗസ്ഥർ വിദ്യാർഥികൾക്ക് വിശദീകരിച്ചു നൽകി.
മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറ, ജനറൽസെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറാർ ബോബി അവഗാമ, യൂത്ത് കോർഡിനേറ്റർ ഷിജിൻ വർഗീസ്, പ്രിൻസിപ്പാൾ ഡോ. മിന്നി ജോർജ്, ഡോ. വർഗീസ് പി. പീറ്റർ, സ്നേഹാ സാറ ഏബ്രഹാം, വിപിൻ വി. പുരുഷോത്തമൻ, എച്ച്. ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
ളാഹ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും ആദിവാസി യുവാക്കളും പ്രവർത്തനങ്ങൾക്ക് സഹായം നൽകി.
Tags : wilderness areas. Nattuvishesham Districtnews