പ്രതീകാത്മക ചിത്രം
താമരശേരി: ഓമശേരി -താമരശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ കൂടത്തായി പാലം പുനര്‍നിര്‍മിക്കുന്നതിന് 6.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ. ഫിറോസ് എംഎല്‍എ അറിയിച്ചു.
കൂടത്തായി പാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്ന് കേരള ഹൈവേ അഥോറിറ്റിയുടെ നേതൃത്വത്തില്‍ വിദഗ്ധസംഘം പാലത്തില്‍ പരിശോധന നടത്തിയിരുന്നു.
പരിശോധനയുടെ അടിസ്ഥാനത്തില്‍ പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 17 ലക്ഷം രൂപയുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്.
ഇതിനുപുറമെ, നിലവിലുള്ള പാലത്തിന് പകരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിനാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
മൂന്ന് സ്പാനുകളിലായി ആകെ 54.90 മീറ്റര്‍ നീളത്തിലാണ് പുതിയ പാലം നിര്‍മിക്കുക. പാലത്തിന് 11 മീറ്റര്‍ വീതിയുണ്ടാകും. ഇതില്‍ 7.5 മീറ്റര്‍ കാരേജ് വേയും ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയും ഉള്‍പ്പെടെയുള്ള രീതിയിലാണ് പാലം നിര്‍മാണം ഉദ്ദേശിക്കുന്നത്.