മഴക്കാലം വിടുംമുമ്പേ ഒഴുക്കുനിലച്ച വണ്ടാഴി വളയൽ പുഴ.
വടക്കഞ്ചേരി: മഴയുടെ പെട്ടെന്നുള്ള പിന്മാറ്റത്തിൽ കാർഷികവിളകൾ ഉണക്കു ഭീഷണിയിൽ. നെല്ല്, പച്ചക്കറികൾ, വാഴ തുടങ്ങി ഹ്രസ്വകാല വിളകളാണ് ചിങ്ങമാസത്തിലെ അസാധാരണമായ ചൂടുമൂലം ഉണക്കഭീഷണിയിലായിട്ടുള്ളത്.
വിളകൾക്കെല്ലാം നനയ്ക്കൽ നടത്തേണ്ട സ്ഥിതിയാണിപ്പോൾ. ഇക്കുറി മഴയിലുണ്ടായിട്ടുള്ള കുറവും ചൂടുകൂടാൻ കാരണമായിട്ടുണ്ടെന്നു പറയുന്നു. നല്ല മഴക്കാലമെന്നു വിശേഷിപ്പിക്കേണ്ട ദിവസങ്ങൾക്കുശേഷവും പലയിടത്തും ഉറവപോലും ഇക്കുറിയുണ്ടായില്ല.
ഒഴുക്കില്ലാത്തവിധം പുഴകളിലും വെള്ളംവറ്റി. ജലനിരപ്പ് നിയന്ത്രിക്കാനാകാതെ ഈ മാസങ്ങളിലെല്ലാം ഷട്ടറുകൾ തുറന്ന് വെള്ളം വിടാറുള്ള മംഗലംഡാമിലെ ജലനിരപ്പിലും കുറവാണ് കാണിക്കുന്നത്.
ഒന്നാംവിള നെല്ലിന്റെ കതിരുവരുന്ന സമയമാണിത്. എന്നാൽ വെള്ളമില്ലാതെ നെൽചെടികൾ ഉണക്കുഭീഷണിയിലാണെന്നു വക്കാല, ചെറുകുന്നം പാടശേഖരങ്ങളിലെ കർഷകർ പറഞ്ഞു.
മംഗലംഡാമിനോടു വളരെ അടുത്തുകിടക്കുന്ന പ്രദേശങ്ങളാണ് ഇതെല്ലാം. ഡാമിൽനിന്നു കനാൽവഴി വെള്ളം വിടണമെന്ന ആവശ്യവും കർഷകർ ഉന്നയിക്കുന്നുണ്ട്.
ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾ വെള്ളംവറ്റിയ നിലയിലാണെന്നു വക്കാലയിലെ കർഷകനായ എൻ. ഹനീഫ പറഞ്ഞു.
Tags : nattu vishesham Agricultural crops drying up due to the unusual