തൊടുപുഴ: കര്‍ഷകര്‍ക്ക് ആധുനിക കാര്‍ഷിക സാങ്കേതികവിദ്യകളും വിളപരിപാലന മാര്‍ഗങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, പുറപ്പുഴ പഞ്ചായത്ത്, അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക വിജ്ഞാന വ്യാപനസംഗമം സംഘടിപ്പിച്ചു. നെടിയശാല സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടന്ന പരിപാടി ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വിവരങ്ങള്‍ കര്‍ഷകരിലെത്തിച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും മൂല്യവര്‍ധനവിന് ഊന്നല്‍ നല്കി കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുന്നതിനും ഇത്തരം വിജ്ഞാനവ്യാപന പരിപാടികള്‍ ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് അധ്യക്ഷത വഹിച്ചു. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബബിത അനൂപ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഡീന ഏബ്രഹാം, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിസി ജോബ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റോസിലി ബിനോയി, കെ.ജി. ഹരിദാസ്, പുറപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാര്ട്ടിന് ജോസഫ്, നെടിയശാല സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് അത്തിക്കല്‍, കൃഷി ഓഫീസര്‍ അനഘ കൃഷ്ണന്, കൃഷി അസി.ഡയറക്ടര്‍ ടി.ജി. ആര്യാബ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ കര്‍ഷകനായ ഷാജു പോള്‍ കൊന്നയ്ക്കലിന് ജൈവ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കെവികെ കുമരകം അസി. പ്രഫസർ ഡോ. ഗാഥ ശ്രീകുമാര്‍ വിദേശ ഫലവര്‍ഗങ്ങളുടെയും തെങ്ങ്, കമുക് എന്നിവയുടെയും പരിപാലനം എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. വിവിധ പ്രദേശങ്ങളില്‍നിന്നുള്ള നിരവധി കര്‍ഷകരും കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുത്തു.
Tags : Nattuvishesham District News