രാമങ്കരി: ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെ പുലർച്ചെ 5.30ന് മുന്പും രാത്രി ഒൻപതിനു ശേഷവുമുള്ള യാത്ര കടുത്ത ദുരിതത്തിൽ. ബസ് സർവീസ് ആരംഭിച്ച കാലം മുതൽ കെഎസ്ആർടിസിയുടെ കുത്തകയായി വച്ചിരിക്കുന്ന റൂട്ടിൽ ചങ്ങനാശേരി ഡിപ്പോയിൽനിന്ന് 5.30നും ആലപ്പുഴനിന്ന് 5.20നും മാത്രമാണ് പുലർച്ചെയുള്ള സർവീസുകൾ ആരംഭിക്കുക.
പിന്നെ രാത്രി 9.10 ഓടെ ഇതിലേ ഉള്ള എല്ലാ സർവീസുകളും അവസാനിക്കും. ഇതോടെ കുട്ടനാട്ടുകാരായിട്ടുള്ള നൂറുകണക്കിന് ആളുകളാണ് ഇതിനിടയിലുള്ള സമയത്ത് യാത്ര ചെയ്യാനാകാതെ ബുദ്ധിമുട്ടേണ്ടി വരുന്നത്. പുലർച്ചെ ബസിൽ ആലപ്പുഴയിലും ചങ്ങനാശേരിയിലുമെത്തിയിട്ട് ട്രെയിൻ മാർഗം തിരുവനന്തപുരം, എറണാകുളം എന്നിങ്ങനെ ദൂരയുള്ള ജില്ലകളിൽ പോയി ജോലി നോക്കുന്നതിന് പുറമേ, ബിസിനസ് ആവശ്യങ്ങൾ നിർവഹിച്ച ശേഷവും രാത്രി വൈകി ഇവിടെ തിരിച്ചെത്തുന്ന നൂറുകണക്കിന് കൂട്ടനാട്ടുകാരാണുള്ളത്.
എന്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ ട്രയിൻ അല്പം വൈകി രാത്രി 9.10ന് മുന്പായി ആലപ്പുഴയിലോ ചങ്ങനാശേരിയിലോ എത്താൻ കഴിയാതെ വന്നാൽ ഇവരുടെ കാര്യം കഷ്ടം തന്നെ. പിന്നെ 500 ഉം 600 ഉം രൂപ മുടക്കി ഓട്ടോ റിക്ഷയും മറ്റും പിടിച്ചാലാണ് ഇവർക്ക് സുരക്ഷിതമായി വീടുകളിലേക്ക് എത്തിച്ചേരാൻ സാധിക്കുക. അതിനാൽ ഇരു ഡിപ്പോകളിൽ നിന്നും പുലർച്ചെ 5.20 ആരംഭിക്കുന്ന സർവീസ് 5നും രാത്രി 9.10 അവസാനിക്കുന്ന സർവീസ് കുറഞ്ഞത് 11 വരെയെങ്കിലും നീട്ടുവാനും അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
അല്ലാത്തപക്ഷം തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്ന ദീർഘദൂര സർവീസുകളിൽ ഏതെങ്കിലുമൊക്കെ ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെ തിരിച്ചുവിടാനുള്ള നടപടികളെങ്കിലും കൈക്കൊണ്ടാൽ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാം. എസി റോഡ് സെമി എലിവേറ്റഡ് പാതയായി നവികരിക്കുന്നതിന് മുന്പ് ഇത്തരം ചില നടപടികളിലൂടെ രാത്രിയുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടിരുന്നതായും നാട്ടുകാർ പറയുന്നു.
Tags : Nattuvishesham DistrictNews DeepikaNews No buses