കൊല്ലപ്പെട്ട സെലീന പ്രതി ഗിരോഷ്
തൊടുപുഴ: ജില്ലയെ നടുക്കിയ ക്രൂരമായ കൊലപാതകക്കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അടിമാലി ഇരുമ്പുപാലം 14-ാം മൈല്‍ ചരുവിള പുത്തന്‍വീട്ടില്‍ സിയാദിന്റെ ഭാര്യ സെലീന (38) കൊല്ലപ്പെട്ട കേസില്‍ പ്രതിയായ തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് (39) കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ പ്രതി മാറിടം മുറിച്ചുമാറ്റുകയും ചെയ്തു.
കേസില്‍ 10ന് തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സനു എസ്. പണിക്കര്‍ ശിക്ഷ വിധിക്കും. കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞതായി കോടതി കണ്ടെത്തി. 2017 ഒക്ടോബര്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം.
2015ല്‍ ഗിരോഷും മാങ്കുളത്തെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയുമായുള്ള അടുപ്പം മനസിലാക്കിയ സെലീന നിര്‍ബന്ധപൂര്‍വം ഇവരുടെ വിവാഹം നടത്തിച്ചു.
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്നു പ്രതിയുടെ പേരില്‍ സെലീന വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാതെ കുടിശികയാക്കിയതും വിരോധത്തിനു കാരണമായി. ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളില്‍ ഗിരോഷ് സെലീനയ്ക്കെതിരേ പരാതിപ്പെട്ടെങ്കിലും പരിഹാരം ഇക്കാര്യത്തിലുണ്ടാകാത്തതും വൈരാഗ്യം വര്‍ധിക്കാനിടയാക്കി. ഇതിനിടെ ഭാര്യയുടെ പ്രസവത്തിനായി ഗിരോഷിന് പണം ആവശ്യമായി വന്നു. തനിക്കു ലഭിക്കാനുള്ള പണത്തിനായി സെലീനയെ സമീപിച്ചെങ്കിലും നല്‍കാതിരുന്നത് വിരോധം വര്‍ധിപ്പിച്ചു.
നിഷ്ഠൂര കൊലപാതകം
സംഭവദിവസം ഉച്ചയോടെ തന്റെ ബൈക്കിലാണ് ഗിരോഷ് സെലീനയുടെ വീട്ടിലെത്തിയത്. കൈയില്‍ കരുതിയിരുന്ന കഠാരകൊണ്ട് സെലീനയുടെ കഴുത്തില്‍ പലതവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ബൈക്കില്‍തന്നെ മടങ്ങിയ ഗിരോഷ് മൂന്നോടെ തിരിച്ചെത്തി. പിന്നീട് സെലീനയുടെ ഇടത് മാറിടം മുറിച്ചെടുത്ത് ബാഗിലാക്കി വീട്ടിലേക്ക് പോയി.
സെലീനയുടെ ഭര്‍ത്താവ് മത്സ്യവ്യാപാരിയായ സിയാദ് കച്ചവടത്തിനുശേഷം രാത്രി 7.45ഓടെയാണ് വീട്ടിലെത്തിയത്. വീടിന്റെ മുന്‍വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. പിന്‍വശത്ത് എത്തിയപ്പോഴാണ് മുറ്റത്ത് സെലീനയുടെ മൃതദേഹം കണ്ടത്. സിയാദിന്റെ കരച്ചില് കേട്ട് സമീപത്തുള്ള സ്പൈസസ് സ്ഥാപനത്തിലെ ജീവനക്കാരും അയല്‍വാസികളും മറ്റുള്ളവരുമെത്തിയാണ് പൊലിസില്‍ വിവരമറയിച്ചത്.
പഴുതടച്ച അന്വേഷണം
അടിമാലി സിഐ ആയിരുന്ന പി.കെ. സാബുവിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ കുടുക്കാനായി. സ്പൈസസ് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. സംഭവദിവസം ഒരാള്‍ ബൈക്കില്‍ രണ്ടുതവണ സെലീനയുടെ വീട്ടിലെത്തുന്നത് ശ്രദ്ധയില്‍പെട്ടു. അത് ഗിരോഷാണെന്ന് സാക്ഷികള്‍ തിരിച്ചറിഞ്ഞു.
തുടര്‍ന്ന് പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പടി.കോടിക്കുളം ഭാഗത്തുനിന്ന് പ്രതി പിടിയിലായി. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഗിരോഷിന്റെ വീട്ടില്‍നിന്നു കവറില്‍ സൂക്ഷിച്ചിരുന്ന സെലീനയുടെ ഇടതുമാറിടവും കത്തിയും സ്വര്‍ണമാണെന്ന് കരുതി മൃതദേഹത്തില്‍നിന്ന് അപഹരിച്ച മാലയും താലിയും പൊലീസ് കണ്ടെടുത്തു.
കേസില്‍ പ്രോസിക്യൂഷന് 34 സാക്ഷികളെ വിസ്തരിച്ചു. 41 രേഖകളും 15 തൊണ്ടിമുതലുകളും ഹാജരാക്കി. സെലീനയുടെ വീടിന്റെ പരിസരത്തുനിന്നു ശേഖരിച്ച മണ്ണും പ്രതിയുടെ ചെരിപ്പിന് അടിയില്‍നിന്നു ലഭിച്ച മണ്ണും സാമ്യമുള്ളതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞതും നിര്‍ണായകമായി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പ്രോസിക്യൂട്ടര്‍ എസ്.എസ്. സനീഷ് കുമാര്‍ ഹാജരായി.
Tags : murder case Nattuvishesham DistrictNews DeepikaNews