നിലമ്പൂര്‍: ജനങ്ങളെ ഭീതിയിലാക്കി നിലമ്പൂര്‍ മേഖലയില്‍ പുലി സാന്നിധ്യം. കാട്ടാനകള്‍ക്ക് പുറമേ പുലി ശല്യവും കൂടുന്നതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്.
കഴിഞ്ഞ ദിവസം മമ്പാട് വീട്ടികുന്നിലെ കൈക്കുന്നില് ബാലകൃഷ്ണന്റെ ഒരു വയസ് പ്രായമായ പശുകിടാവിനെ പുലി കടിച്ചുകൊന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് വീട്ടിക്കുന്നില്‍ പുലി ആടുകളയും കടിച്ചു കൊന്നിരുന്നു. ചാലിയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ വാളംതോട്ടിലെ തങ്കപ്പന്റെ ആടുകളെയും നായയെയും പുലി കടിച്ചുകൊന്നിരുന്നു.
വാളംതോട് സ്വദ്ദേശി ഒറ്റതെങ്ങില്‍ മാത്യുവിന്റെ വീട്ടുമുറ്റത്ത് പുലി വളര്‍ത്ത് നായയെ പിടിക്കുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് മൈലാടി പൊട്ടിയിലെ ചെമ്പ്രമ്മല്‍ ജയാനന്ദന്റെ വീടിന്റെ സമീപമുള്ള വനംവകുപ്പിന്റെ ജണ്ടയില്‍ പുലിയെ കണ്ടത്. പോത്തുകല്‍ പഞ്ചായത്തിലെ പാതാര്‍, മുരി കാഞ്ഞിരം ഭാഗങ്ങളിലും പുലികള്‍ വളര്‍ത്ത് നായകളെ പിടികൂടിയിരുന്നു. കരുവാരകുണ്ടില്‍ കഴിഞ്ഞ വര്‍ഷം കടുവയെ പിടികൂടാന്‍ സ്ഥാപിച്ച വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയത് പുലിയായിരുന്നു. പെരിന്തല്‍മണ്ണയിലെ മണ്ണാര് മലയില്‍ ജനവാസമേഖല ഏറെ നാള് പുലി ഭീതിയിലായിരുന്നു. ജനവാസമേഖലയിലേക്ക് പുലികളുടെ വരവ് കൂടിയത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.
Tags : Nattuvishesham Districtnews Along with