വടകര: ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടക്കുന്ന പരിപാടിയില്‍ മേമുണ്ട ഹയര്‍സെക്കൻഡറി സ്കൂള്‍ നാടന്‍പാട്ട് സംഘം വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സമഗ്രശിക്ഷ അഭയാന് പൂനയില്‍ നടത്തിയ ദേശീയ വോക്കല്‍ മ്യൂസിക്ക് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് നാടന്‍പാട്ട് അവതരിപ്പിച്ച മേമുണ്ട സ്കൂളിനായിരുന്നു നാലാം സ്ഥാനം. ഈ നേട്ടമാണ് ഇപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള അവതരണത്തിന് വഴി തെളിയിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച് മേമുണ്ട സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളായ വൈഗ മനോജ്, കല്‍ഹാര, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ വേദലക്ഷ്മി, വൈഗ ലക്ഷ്മി എന്നിവര്‍ 14 ന് വിശിഷ്ടാതിഥികളായി പാര്‍ലമെന്റില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.
സമഗ്രശിക്ഷാ അഭയാന് നടത്തിയ സംസ്ഥാന, ജില്ലാതല നാടന്‍പാട്ട് മത്സരത്തില്‍ ഇവരടങ്ങിയ മേമുണ്ട ഹയര്‍സെക്കൻഡറി സ്കൂള്‍ ടീമിനായിരുന്നു ഒന്നാം സ്ഥാനം. മജീഷ് കാരയാട് ചിട്ടപ്പെടുത്തിയ നാടന്പാട്ടിന് മേമുണ്ട സ്കൂള്‍ സംഗീത അധ്യാപകന് കെ.പി. അജേഷ് എല്ലാ പിന്തുണയുമായി കൂടെ നിന്നു. സ്കൂള്‍ മ്യൂസിക്ക് ക്ലബ് അംഗങ്ങളായ ഈ വിദ്യാര്‍ഥികള്‍ സംസ്ഥാന സ്കൂള്‍ കലോത്സവം ഉള്‍പ്പെടെ നിരവധി വേദികളില്‍ കഴിവ് തെളിയിച്ചവരാണ്. വിദ്യാര്‍ഥികളോടൊപ്പം ഇവരുടെ രക്ഷിതാക്കള്‍ക്കും പാര്‍ലമെന്റിലെ പരിപാടിയിലേക്ക് ക്ഷണമുണ്ട്. വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന ടീം ഡല്‍ഹിയിലേക്ക് വിമാന മാര്‍ഗം യാത്ര തിരിച്ചു.
Tags : nattu vishesham Ambedkar Jayanti Parliament fo Memunda's