മുനമ്പത്ത് അമോണിയ ചോർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ ടോണി ചമ്മിണി എംഎൽഎ സന്ദർശിച്ചപ്പോൾ.
ചെറായി : ഐസ് പ്ലാന്റിൽ നിന്ന് അമോണിയ ചോർന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 12 പേരെ മുനമ്പം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിസരത്തു താമസിക്കുന്ന അറയയ്ക്കൽ വീട്ടിൽ ഫ്രാൻസിസ് , ജിബിൻ, ജോർജ് ,തോമസ് എന്നിവരുടെ കുടുംബാംഗ ങ്ങളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രണ്ടുപേർക്ക് ഓക്സിജൻ നൽകേണ്ടതായി വന്നു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ ഉച്ചയോടെ മുനമ്പം മിനി ഹാർബറിന് തെക്കു വശത്തുള്ള സാവിയോ എന്ന ഐസ് പ്ലാന്റിലാണ് അമോണിയ ചോർന്നത്. ഐസ് പ്ലാന്റ് കെട്ടിടത്തിന്റെ മേൽക്കൂര അടർന്ന് അമോണിയ ടാങ്കിന്റെ റിസീവർ വാൽവിൽ വീണ് പൈപ്പ് ഒടിഞ്ഞാണ് അമോണിയ ചോർന്നത്.
സംഭവമറിഞ്ഞ് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. തുടർന്ന് വെള്ളം പമ്പ് ചെയ്തു ചോർന്ന അമോണിയ നിർവീര്യമാക്കി. ഫയർഫോഴ്സിന്റെ സമയോചിതമായ പ്രവർത്തനം മൂലം വലിയ ദുരന്തം ഒഴിവായി.മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്നു വീഴുന്ന സമയം ഐസ് പ്ലാന്റിലെ മൂന്ന് ജീവനക്കാരും സ്ഥലത്ത് ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല.
പെരുമ്പടന്ന സ്വദേശി എം.എം. ജലാലിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റ് ഇപ്പോൾ മുനമ്പം ഫിഷ് മർച്ചന്റ്സ് അസോസിയേഷനാണ് നടത്തിവരുന്നത്. വിവരമറിഞ്ഞ് ടോണി ചമ്മിണി എംഎൽഎ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയും ആരോഗ്യനില വിലയിരുത്തുകയും ചെയ്തു. ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി.
Tags : Local News Nattuvishesham Ernakulam