ഓപ്പറേഷൻ തൂഫാൻ കെയർ പ്ലസ് പദ്ധതി മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
ചെങ്ങന്നൂർ: സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ വലവിരിക്കുന്ന പശ്ചാത്തലത്തിൽ, ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ രാഷ്ട്രീയകക്ഷികളും സന്നദ്ധ സംഘടനകളും ആശുപത്രികളും പൊതുസമൂഹവും ഒറ്റക്കെട്ടായി കൈകോർക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഡോ.കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ലഹരി ചികിത്സാ വിഭാഗം സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തൂഫാൻ കെയർ പ്ലസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരി വ്യാപനത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സർക്കാർ സ്വീകരിച്ചുപോരുന്നത്.40 ദിവസത്തിനിടെ സംസ്ഥാനത്ത് 7,000 പേരെ അറസ്റ്റ് ചെയ്യുകയും 6,000ത്തോളം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 70 കോടിയിലധികം രൂപയുടെ മയക്കുമരുന്നാണ് ഈ ചുരുങ്ങിയ കാലയളവിൽ മാത്രം പിടിച്ചെടുത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള ലഹരി വിപണനമാണ് ഇപ്പോൾ നടക്കുന്നത്. കുട്ടികൾ ഇത്തരം കെണികളിൽ വീണുപോകാതിരിക്കാൻ മാതാപിതാക്കളും അധ്യാപകരും അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു.
സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, റവ.ഡോ. അലക്സാണ്ടർ കൂടാരത്തിൽ, ടി.കെ. വിഷ്ണു പ്രദീപ്, ഡോ. ഗീവർഗീസ് കെ. മാത്യു, ഡോ. റൂബൻ ജോൺ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham drug mafia