രഞ്ജിത്
കാസര്‍ഗോഡ്: പാടിയില്‍ മധ്യവയസ്കനെ മാരകായുധം ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പാടി വില്ലേജിലെ എതിര്‍ത്തോട് സ്വദേശി രഞ്ജിത് എന്ന ബങ്കനെയാണ് (29) കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ഒമ്പതു മാസം കൂടി അധികതടവ് അനുഭവിക്കണം.
2021 ഏപ്രില്‍ മൂന്നിന് രാത്രി 10.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാടി ഗ്രാമത്തിലെ എതിര്‍ത്തോട് സ്വദേശിയായ സി.എച്ച്. രാഘവ എന്നയാളെ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നെഞ്ചിനും കൈക്കും ഗുരുതരമായി പരിക്കേറ്റ രാഘവ തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്ഐ നിബിന് ജോയ് ആണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി. ചന്ദ്രമോഹന്, അഡ്വ. എം.ചിത്രകല എന്നിവര്‍ ഹാജരായി.
Tags : Attempted murder nattuvishesham local news