ആറ്റിങ്ങൽ: വൻതോതിൽ വെട്ടിക്കുറച്ച പദ്ധതി വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആറ്റിങ്ങൽ നഗരസഭാ കൗൺസിൽ യോഗം സർക്കാരിനോട് ഐക്യകണ്ഠേന ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റിൽ അനുവദിച്ച തുകയാണ് പുതിയ ബജറ്റ് വന്നതിലൂടെ കുറവ് ചെയ്തത്.
5,17,12,000 രൂപ 1,55,16,000 രൂപയായും പട്ടികജാതി വിഭാഗത്തിനുള്ള വിഹിതം 2,07,74,000 രൂപ 1,76,57,000 രൂപയായുമാണ് കുറച്ചത്. എത്ര സാമ്പത്തിക ബുദ്ധിമുട്ടുണ്ടായാലും പട്ടികജാതി വിഭാഗത്തിനുള്ള തുക ഇതുവരെയും ഒരു സർക്കാരും കുറച്ചിട്ടില്ല. മെയിന്റനൻസ് ഗ്രാന്റ് വിഭാഗത്തിൽ കഴിഞ്ഞ ബജറ്റിൽ റോഡിന് 25,84,000 രൂപയും റോഡിതര വിഭാഗത്തിൽ 2,51,84, 000 രൂപയും ഉണ്ടായിരുന്നത് പുതിയ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
അനിവാര്യ പദ്ധതികൾക്കുള്ള ഫണ്ട് സാധാരണ വിഹിതത്തിൽനിന്നും മാറ്റിവച്ചാൽ നിലവിലെ സ്ഥിതി പരിശോധിക്കുമ്പോൾ റോഡ് ഉൾപ്പെടെ ഒരു വികസനപദ്ധതികളും നടപ്പിലാക്കാൻ കഴിയില്ല.
പൊതു ആവശ്യത്തിനായി മാസംതോറും നൽകുന്ന ഫണ്ടും രണ്ടു മാസത്തെ കുടിശികയുമുണ്ട്. ബജറ്റിലെ സ്ഥിതി വിവരത്തെക്കുറിച്ച് ചെയർപേഴ്സൺ എം.പ്രദീപാണ് കൗൺസിൽ യോഗത്തെ അറിയിച്ചത്. തുടർന്ന് അംഗങ്ങൾ ഒന്നടങ്കം നഗരസഭയുടെ വെട്ടിക്കുറച്ച ഫണ്ട് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ ഐക്യകണ്ഠേന അംഗീകരിച്ച് ആവശ്യം സർക്കാരിനു മുന്നിൽ ഉന്നയിക്കാൻ തീരുമാനിക്കുകയായിരുന്നു.
Tags : nattu vishesham Attingal Municipality