പുല്ലുപാറയ്ക്ക് സമീപം റോഡിലേക്ക് വീണുകിടക്കുന്ന കൂറ്റൻ പാറക്കല്ല്.
പെരുവന്താനം: മലമുകളിൽനിന്നു ദേശീയപാതയിലേക്ക് അടർന്നുവീണ കൂറ്റൻ പാറക്കല്ല് വാഹനയാത്രക്കാർക്ക് ഭീഷണിയായിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ണടച്ച് അധികൃതർ.
കെകെ റോഡിൽ പുല്ലുപാറ ജംഗ്ഷനിലെ ഇറക്കത്തിലാണ് പാറക്കല്ല് റോഡുവശത്ത് കിടക്കുന്നത്. കല്ല് പൊട്ടിച്ചുമാറ്റി ഗതാഗതം സുഗമമാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ദേശീയപാതാ അധികൃതർ അനങ്ങാപ്പാറനയം തുടരുകയാണ്.
കൊടുംവളവിനോട് ചേർന്ന് പാതയുടെ വലിയൊരു ഭാഗം അപഹരിച്ചാണ് ഈ കൂറ്റൻ പാറക്കല്ല് കിടക്കുന്നത്. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതം ഒരു വരിയായി ചുരുങ്ങി. കുത്തിറക്കത്തിൽ വളവു തിരിഞ്ഞെത്തുന്ന വാഹനങ്ങൾ റോഡിൽ കിടക്കുന്ന ഭീമൻ പാറയിൽ ഇടിക്കാതെ വാഹനം കൊണ്ടുപോകാൻ ശ്രമിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.
ഒരാഴ്ചയ്ക്കിടെ മൂന്നു വാഹനങ്ങൾ ഈ പാറയിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. രാത്രികാലങ്ങളിലും മഴയുള്ള സമയങ്ങളിലും റോഡിൽ കിടക്കുന്ന പാറക്കല്ല് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാത്തത് അപകടസാധ്യത ഇരട്ടിയാക്കുന്നു.
ഒരു മാസം മുന്പാണ് മലമുകളിൽനിന്നു പാറക്കല്ല് ദേശീയപാതയിലേക്ക് പതിച്ചത്. വലിയ ദുരന്തമാണ് അന്ന് തലനാരിഴയ്ക്ക് ഒഴിവായത്. പാറക്കല്ല് വീണതിനെത്തുടർന്ന് റോഡിൽ വലിയ കുഴിയും രൂപപ്പെട്ടു. എന്നാൽ, കുഴി നികത്തിയിട്ടും അപകടകരമായി കിടക്കുന്ന കല്ല് പൊട്ടിച്ചുമാറ്റാൻ ദേശീയപാതാ വിഭാഗം തയാറായില്ല.
പുല്ലുപാറ മേഖലയിൽ ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന രീതിയിൽ നിരവധി കൂറ്റൻ പാറക്കല്ലുകളാണുള്ളത്. ഇവയുടെ അപകടസാധ്യതയെക്കുറിച്ച് ശാസ്ത്രീയ പഠനം ആവശ്യമാണെന്നും കല്ലുകൾ നീക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews