മുന്നിലവ് പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ചേർന്ന സർവകക്ഷിയോഗം.
മൂന്നിലവ്: പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കടവുപുഴ, കട്ടിക്കയം വെള്ളച്ചാട്ടങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ പഞ്ചായത്ത് നടപടി ആരംഭിച്ചു. വെള്ളച്ചാട്ടങ്ങളില്‍ കുളിക്കാനിറങ്ങിയ നിരവധി പേര് അപകടത്തില്‍പ്പെട്ട് മരിച്ച സാഹചര്യത്തിലാണ് അടിയന്തര സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് സര്‍വകക്ഷിയോഗം ചേര്‍ന്ന് വിവിധ തീരുമാനങ്ങള്‍ കൈക്കൊണ്ടു.
പ്രകൃതിദത്തമായ വെള്ളച്ചാട്ടങ്ങളായ ഇവിടങ്ങളില്‍ ശക്തമായ ജലപ്രവാഹവും ആഴമേറിയ കയങ്ങളും വഴുക്കലുള്ള പാറക്കെട്ടുകളും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ജലപ്രവാഹത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റവും വിനോദസഞ്ചാരികള്‍ക്ക് ഭീഷണിയാണ്. കട്ടിക്കയം വെള്ളച്ചാട്ടത്തില്‍ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വഴികൾ സുരക്ഷിതമാക്കും. അപകടരഹിതമായി കുളിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. വെള്ളച്ചാട്ടത്തിലേക്ക് പ്രവേശന ഫീസ് ഈടാക്കി നിയന്ത്രിതമായി ആളുകളെ കടത്തിവിടുകയും പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡിനെ നിയോഗിക്കുകയും ചെയ്യും.
കടവുപുഴയില്‍ വിവിധ ഭാഗങ്ങളിലായി ആളുകള്‍ കുളിക്കാനിറങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തമാക്കും. അപകടമേഖലകളില്‍ വെള്ളത്തിലിറങ്ങാതിരിക്കാന്‍ തീരത്ത് ഫെന്‍സിംഗ് സ്ഥാപിക്കും. സുരക്ഷിതമായി വെള്ളത്തിലിറങ്ങാന്‍ രണ്ടുസ്ഥലങ്ങളില്‍ മാത്രം സൗകര്യമൊരുക്കും. അപകടസാധ്യതാമുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും.
വിനോദസഞ്ചാരവും സുരക്ഷയും ഒരേസമയം ഉറപ്പാക്കുന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. യോഗത്തില്‍ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ചാര്‍ലി ഐസക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, പോലീസ്, എക്സൈസ്, റവന്യൂ, ഫയര്‍ഫോഴ്സ് വകുപ്പ് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews