പ്രതീകാത്മക ചിത്രം
സുല്‍ത്താന്‍ ബത്തേരി: ഡിബിഒടി (ഡിസൈന്‍, ബില്‍ഡ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍) മാതൃകയില്‍ ബസ് ടെര്‍മിനലും വാണിജ്യസമുച്ചയവും നിര്‍മിക്കുന്ന പദ്ധതിയുടെ മറവില്‍ നഗരത്തിലെ 51 സെന്റ് ഉള്‍പ്പെടെ കോടികള്‍ വിലമതിക്കുന്ന നഗരസഭാ ഭൂമി സ്വകാര്യ കമ്പനിക്ക് ദീര്‍ഘകാലത്തേക്ക് കൈമാറാനുള്ള ശ്രമമാണ് നടന്നതെന്ന് ബത്തേരി നഗരസഭ ഭരണസമിതി ആരോപിച്ചു.
2025 സെപ്റ്റംബര്‍ 15ന് കൗണ്‍സില്‍യോഗം സര്‍ക്കാര്‍ അനുമതി തേടാന്‍ മാത്രമാണ് തീരുമാനമെടുത്തതെങ്കിലും അനുമതി ലഭിക്കുന്നതിന് മുമ്പുതന്നെ താല്പര്യപത്രം ക്ഷണിക്കുകയും പിന്നീട് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുകയും ചെയ്തതായി ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൗണ്‍സിലിന്റെയോ സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയത് നിയമവിരുദ്ധമാണെന്നും ഭരണസമിതി ചൂണ്ടിക്കാട്ടി.
പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളില്‍ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത പദ്ധതിനമ്പറുകള് ഉപയോഗിച്ചതായും കണ്‍സള്‍ട്ടന്റിനെ നിയമിക്കാനുള്ള ടെന്ഡറെന്ന പേരില്‍ ഡിബിഒടി അടിസ്ഥാനത്തില്‍ വാണിജ്യസമുച്ചയം നിര്‍മിക്കുന്നതിനുള്ള ബിഡ് ക്ഷണിച്ചതായും ആരോപിച്ചു. ഇത് കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വ്യവസ്ഥകളുടെ ദുരുപയോഗവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയുമാണെന്ന് ഭരണസമിതി പറഞ്ഞു.
കരാറിലെ വ്യവസ്ഥകളിലും ഗുരുതരമായ അപാകതകളുണ്ടെന്നാണ് ഭരണസമിതിയുടെ ആരോപണം. കണ്സഷന് കാലാവധി വ്യക്തതയില്ലാത്തതും 50 വര്‍ഷം വരെ സ്വകാര്യ ഏജന്‍സിക്ക് ആനുകൂല്യം ലഭിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഭരണസമിതി വ്യക്തമാക്കി. പദ്ധതിക്ക് ആവശ്യമായ സാങ്കേതിക പരിശോധന, ജില്ലാ ആസൂത്രണ സമിതിയുമായുള്ള കൂടിയാലോചന, സാങ്കേതിക ഉദ്യോഗസ്ഥരുടെ അനുമതി തുടങ്ങിയ നിയമനടപടികളും പാലിച്ചിട്ടില്ല. ടെന്‍ഡര്‍ ലഭിച്ച പങ്കാളിത്ത സ്ഥാപനം 2025ല്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്നും ടൗണ്‍ പ്ലാനര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സമിതി നല്കിയ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെയാണ് കരാര്‍ നടപടികള്‍ മുന്നോട്ടുപോയതെന്നും ഭരണസമിതി പറഞ്ഞു.
പിന്നീട് സര്‍ക്കാര്‍ അനുമതി തേടി കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ലെന്നും ഭൂമിയുടെ തരംമാറ്റ നടപടികള്‍ പൂര്‍ത്തിയായിരുന്നില്ലെന്നും ഭരണസമിതി ചൂണ്ടിക്കാട്ടി. നഗരസഭയ്ക്ക് സ്വന്തം ഫണ്ടോ വായ്പാ പദ്ധതികളോ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാന്‍ അവസരമുണ്ടായിരിക്കെ പൊതുമുതല്‍ ദീര്‍ഘകാലത്തേക്ക് സവകാര്യ ഏജന്‍സിക്ക് കൈമാറുന്ന രീതിയിലുള്ള കരാര്‍ നഗരസഭയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണെന്ന് ഭരണസമിതി വിലയിരുത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണസമിതി അംഗങ്ങളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി രൂപീകരിച്ച് രേഖകള്‍ പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ കരാറില്‍ ഗുരുതരമായ നിയമസാമ്പത്തിക അപാകതകളുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 2026 ജൂലൈ 21ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം കരാര്‍ നടപടികള്‍ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായും അഞ്ച് ദിവസത്തിനകം വിശദീകരണം നല്കാന് ഗ്ലോബല്‍ വെഞ്ച്വേഴ്സ് സ്ഥാപനത്തിനും മുന്‍ നഗരസഭ സെക്രട്ടറിക്കും നോട്ടീസ് നല്‍കിയതായും ഭരണസമിതി അറിയിച്ചു.
അതേസമയം ഡിബിഒടി പദ്ധതിയെ പിന്തുണച്ച് എല്‍ഡിഎഫ് നടത്തിയ വാര്‍ത്താസമ്മേളനം ആരെ സംരക്ഷിക്കാനാണെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്നും നഗരസഭയുടെ വരുമാനത്തിന് നഷ്ടമുണ്ടാക്കുന്ന കരാറുകള്‍ക്കെതിരേ ഭരണസമിതി നിയമപരമായ നടപടികള്‍ തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ബത്തേരി നഗരസഭ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍, ഡെപ്യൂട്ടി ചെയര്മാന് എം.ജി. ഇന്ദ്രജിത്ത്, പി. ഷംഷാദ്, ലീലാ പാല്‍പ്പാത്ത്, ഷിഫാനത്ത്, ഷെറീന അബ്ദുളള, കെ.എസ്. പ്രമോദ്, കെ.കെ. മൊയ്തു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Nattuvishesham Local News Bus Terminal