പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യനും റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുന്നു.
എൻഎച്ച്എഐ - റെയിൽവേ തുറന്നപോര്
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചിറങ്ങരയിൽ അടിപ്പാത നിർമാണത്തോടനുബന്ധിച്ച് പണിത ഡ്രെയ്നേജിലെ മഴവെള്ളം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത അഥോറിറ്റിയും (എൻഎച്ച്എഐ) റെയിൽവേയും തമ്മിൽ തുറന്നപോര്.
അശാസ്ത്രീയമായി നിർമിച്ച ഡ്രെയ്നേജ് സംവിധാനത്തെ തുടർന്ന് ദുരിതത്തിലായ വയോധിക ദമ്പതികളുടെ പ്രശ്നത്തിന് പരിഹാരംകാണുന്നതിന്റെ ഭാഗമായി ദേശീയപാതയ്ക്ക് കുറുകെയുള്ള കനാലിന്റെ 15 അടി ഉയരമുള്ള പാർശ്വഭിത്തിയിൽ ദ്വാരംനിർമിക്കാൻ ആരംഭിച്ച പ്രവൃത്തിയാണ് റെയിൽവേ തടഞ്ഞത്.ഇന്നലെ രാവിലെ നിർമാണം ആരംഭിച്ചതിന് പിന്നാലെ റെയിൽവേ പെർമനന്റ് വേ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി പ്രവൃത്തി തടയുകയായിരുന്നു.
ചിറങ്ങര അമ്പലക്കുളത്തിൽനിന്ന് ഓവർഫ്ലോ ചെയ്യുന്ന വെള്ളവും മഴവെള്ളവും വർഷങ്ങളായി ദേശീയപാതയ്ക്ക് കുറുകെയുള്ള കനാലിലൂടെയാണ് ഒഴുകിപ്പോകുന്നത്. ഈ കനാലിലേക്ക് ദേശീയപാത ഡ്രെയ്നേജിലെ അധികജലം ഒഴുക്കുന്നത് ട്രാക്കിന്റെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു റെയിൽവേയുടെ വാദം. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കല്ല്, കട്ട, പ്ലാസ്റ്റിക് ചാക്കുകൾ ഉൾപ്പെടെയുള്ള നിർമാണാവശിഷ്ടങ്ങൾ കനാലിലേക്ക് തള്ളിയിട്ടിട്ടുണ്ടെന്നും ഇവ ട്രാക്കിന് താഴെയുള്ള പൈപ്പിൽ അടിഞ്ഞുകൂടിയാൽ വെള്ളക്കെട്ട് രൂപപ്പെടുകയും റെയിൽപാളത്തിന് ബലക്ഷയം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും റെയിൽവേ അധികൃതർ ചൂണ്ടിക്കാട്ടി.
ട്രെയിൻ ഗതാഗതത്തിന് ഭീഷണി ഉയർത്തുന്ന ഒരു നടപടിയും അനുവദിക്കാനാകില്ലെന്നും എൻഎച്ച്എഐയും റെയിൽവേയും സംയുക്ത പരിശോധന നടത്തി തീരുമാനിക്കേണ്ട വിഷയത്തെ ലാഘവത്തോടെ കാണാനാകില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡ്രെയ്നേജ് വെള്ളം പുനഃക്രമീകരിച്ച് മറ്റ് ചാലുകളിലേക്ക് തിരിച്ചുവിടണമെന്ന ശുപാർശയോടെ ഉന്നതതലത്തിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അറിയിച്ചു.സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അഗങ്ങളും ചാലക്കുടി തഹസിൽദാർ കെ.ജെ. ജേക്കബ്, ഡെപ്യൂട്ടി തഹസിൽദാർമാരായ രഞ്ജിത്, പി.വി. ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നിർമാണം പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും റെയിൽവേ വഴങ്ങിയില്ല.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ അൻസിൽ ഹസനുമായി ബന്ധപ്പെട്ടു. റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രവൃത്തി തുടരുന്നതിൽ തടസമില്ലെന്നും അദ്ദേഹം അറിയിച്ചെങ്കിലും അതുസംബന്ധിച്ച രേഖാമൂലമുള്ള നിർദേശം ലഭിക്കാതെ നിർമാണം തുടരാനാവില്ലെന്ന നിലപാടിൽ റെയിൽവേ ഉറച്ചുനിന്നു.
ഇതോടെ പ്രവൃത്തി വീണ്ടും നിർത്തിവയ്ക്കേണ്ടിവന്നു. തങ്ങളുടെ അഭാവത്തിൽഇനിയും പണി തുടർന്നാൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും റെയിൽവേ പെർമനന്റ് വേ ഇൻസ്പെക്ടർ വ്യക്തമാക്കി. എന്നാൽ വൈകീട്ട് അഞ്ചുമണിയോടെ പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യന്റെ നേതൃത്വത്തിലും റവന്യു ഉദ്യോഗസ്ഥരുടെ പിന്തുണയിലും നിർമാണം പുനരാരംഭിച്ചു.
രാവിലെ മുതൽ രാത്രിവരെ നീണ്ട അനിശ്ചിതത്വത്തിനും ഉദ്യോഗസ്ഥരുടെ വാക്കേറ്റങ്ങൾക്കും സാക്ഷ്യം വഹിച്ച ചിറങ്ങരയിൽ, വയോധിക ദമ്പതികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം എപ്പോൾ ഉണ്ടാകുമെന്ന ചോദ്യമാണ് ഇപ്പോഴും ബാക്കിയായിരിക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews drainage