ഇരട്ടയാര്‍: ഇടുക്കി രൂപത സാമൂഹിക ക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി നബാര്‍ഡിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന തേനീച്ചവളര്‍ത്തലും തേന്‍ ശേഖരണവും സംബന്ധിച്ച് എംഇഡിപി പദ്ധതിയുടെ ഭാഗമായുള്ള പരിശീലന പരിപാടി ആരംഭിച്ചു. ഗ്രാമീണ സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അധികവരുമാനം നേടുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ജോസഫ് കൊച്ചുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. സക്കറിയാസ് കുമ്മണ്ണുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. തേനീച്ച വളര്‍ത്തലില്‍ വിദഗ്ധനായ എസ്. ശിവദാസ് പരിശീലന ക്ലാസിന് നേതൃത്വം നല്കി.
എച്ച്ഡിഎസ് പ്രോഗ്രാം ഓഫീസര്‍ സിബി തോമസ്, ഗിരിജ്യോതി എസ്എച്ച്ജി ഫെഡറേഷന് പ്രസിഡന്റ് റെജി ജോസഫ്, സെക്രട്ടറി ബിജു പോള്‍, എച്ച്ഡിഎസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എബിന് തോമസ് എന്നിവര്‍ പ്രസംഗിച്ചു.15 ദിവസത്തെ പരിശീലനത്തില്‍ മാതൃകാ യൂണിറ്റുകളിലെ സന്ദര്‍ശനവും പ്രായോഗിക പരിശീലനവും നല്‍കും.