ഭീമനടി: ഭീമനടി-നമ്പികുണ്ടം പ്രദേശങ്ങളെ ബന്ധിപ്പിച്ച് ചെക്ക്ഡാം കം ട്രാക്ടർ വേ നിർമിക്കാനുള്ള സാധ്യത തേടി ജലവിഭവ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥസംഘം സ്ഥലപരിശോധന നടത്തി. നിലവിൽ അപകടസ്ഥിതിയിലുള്ള കമ്പിപ്പാലം നിൽക്കുന്ന സ്ഥലത്താണ് പരിശോധന നടത്തിയത്. ചെന്നടുക്കം, നമ്പികുണ്ടം പ്രദേശങ്ങളെ ഭീമനടി ടൗണുമായി ബന്ധിപ്പിക്കുന്ന സ്ഥലത്ത് ചെക്ക് ഡാമും ട്രാക്ടർ വേയും നിർമിച്ചാൽ നൂറുകണക്കിന് കർഷകർക്കും യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്രദമാകുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
ഇവിടെ ഒരു പാലത്തിനായുള്ള ആവശ്യം വർഷങ്ങൾക്കുമുമ്പേ ഉണ്ടായിരുന്നു. എന്നാൽ കാലിക്കടവിൽ പാലം വന്നതോടെ ആ സാധ്യത മങ്ങി. ഇതേ തുടർന്നാണ് ബദൽ സാധ്യതകൾ തേടുന്നത്. കാസർഗോഡ് മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ ഇ.കെ. അർജുനൻ, കാഞ്ഞങ്ങാട് മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസി. എക്സി. എൻജിനിയർ ഫെമി മരിയ തോമസ്, നീലേശ്വരം മൈനർ ഇറിഗേഷൻ സെക്ഷൻ അസി. എൻജിനിയർ കെ.വി വരുൺ എന്നിവരടങ്ങിയ സംഘമാണ് സ്ഥലപരിശോധന നടത്തിയത്. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.വി. പ്രമോദ്, സാജു മാരൂർ, സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ എന്നിവരും പങ്കെടുത്തു.
Tags : nattu vishesham Site inspection conducted