തൃശൂർ: ചെന്പൂക്കാവ് ഹോളിഫാമിലി കോണ്വെന്റ് സ്കൂൾ റോഡിലെ ദുരവസ്ഥയ്ക്കു പരിഹാരമാകുന്നു. പൈപ്പിടലിന്റെ ഭാഗമായി കുഴിച്ച ചാൽ മണ്ണിട്ടുനികത്തിയെങ്കിലും റോഡ് ചെളിക്കുളമായതും വാഹനങ്ങൾ താഴുന്നതുമായ സംഭവത്തിലാണ് വാട്ടർ അഥോറിറ്റിയുടെ അടിയന്തര ഇടപെടൽ.
"വഴിയല്ലിത് പെരുവഴി; യാത്രാദുരിതത്തിൽ വിദ്യാർഥികളും നാട്ടുകാരും’ എന്ന തലക്കെട്ടിൽ ദീപിക ബുധനാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തു ക്വാറി വേസ്റ്റ് തട്ടി കുഴിയെടുത്ത ഭാഗം നികത്താൻ അധികൃതർ തയാറായത്.
മുൻഭരണസമിതിയുടെ കാലത്തുതന്നെ അനുമതി ലഭിച്ച കുടിവെള്ളവിതരണത്തിനായുള്ള വാട്ടർ അഥോറിറ്റിയുടെ പൈപ്പിടൽ കഴിഞ്ഞമാസം അവസാനത്തേക്കു മാറ്റിവച്ചതാണ് ജനങ്ങളുടെ ദുരിതം വർധിപ്പിച്ചത്. ഇതേത്തുടർന്ന് ഡിവിഷൻ കൗണ്സിലർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.