രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികൾ ഫിഷറീസ് വകുപ്പിന്റെ റസ്ക്യൂ ബോട്ടിൽ.
അമ്പലപ്പുഴ: കടലിൽ മുങ്ങിയ മത്സ്യബന്ധന വള്ളത്തെയും എട്ടു തൊഴിലാളികളെയും രക്ഷപ്പെടുത്തി. തിരുവനന്തപുരം പൊഴിയൂർ സ്വദേശി വിൻസെന്റിന്റെ ഉടമസ്ഥതയിലുള്ള മെസി എന്ന വള്ളമാണ് അമ്പലപ്പുഴ പടിഞ്ഞാറ് കടലിൽ 42 മീറ്റർ ആഴം വരുന്ന ഭാഗത്ത് അപകടത്തിൽപ്പെട്ടത്. വള്ളത്തിന്റെ ഒരു ഭാഗം പൊട്ടി വെള്ളം കയറിത്തുടങ്ങിയെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് തോട്ടപ്പള്ളി ഫിഷറീസ് വകുപ്പിന്റെ റസ്ക്യൂ ബോട്ട് കായംകുളം ഹാർബറിൽനിന്ന് പുറപ്പെട്ടു.
ഇതിനിടെ അപകടത്തിൽപ്പെട്ട വള്ളം ഒഴുകി വണ്ടാനം പടിഞ്ഞാറെ ഭാഗത്തു കടലിൽ മുങ്ങിക്കൊണ്ടിരിക്കുന്നത് കണ്ടതിനെത്തുടർന്ന് ഫിഷറീസ് ബോട്ട് വള്ളത്തിലെ എട്ട് മത്സ്യത്തൊഴിലാളികളെ റെസ്ക്യൂ ബോട്ടിൽ കയറ്റി. വള്ളം കെട്ടി വലിച്ച് തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചു.
ഫിഷറീസ് ലൈഫ് ഗാർഡുമാരായ ജയൻ, രാഹുൽ, ജോസഫ്, റെസ്ക്യൂ ബോട്ടിലെ സ്രാങ്ക്, ഡ്രൈവർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
ഫിഷറീസ് എഡിഎഫ് എസ്. മനോജ് , എഎഫ്ഇഒഎസ് സാജൻ, മറൈൻ എൻഫോസ്മെന്റ് എസ്ഐ അരുൺ, ഗാർഡുമാരായ രാഹുൽ കൃഷ്ണൻ, അരുൺ എന്നിവർ രക്ഷപ്രവർത്തനം ഏകോപിപ്പിച്ചു.
മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങൾ നിയമപരമായി ആവശ്യമുള്ള ലൈഫ് ജാക്കറ്റ് നിർബന്ധമായും വള്ളത്തിൽ കരുതിയിരിക്കണമെന്ന് ഫിഷറീസ് അധികൃതർ മുന്നറിയിപ്പ് നൽകി. സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്ത ബോട്ടുകൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Tags : Local News Nattuvishesham Boat sinks sea Eight workers rescued